വടക്കഞ്ചേരി അപകടം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മുങ്ങി

പാലക്കാട്. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയതായി സൂചന. ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോനെ പോലീസിന് ഇതുവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. വടക്കഞ്ചേരിയിലെ ഇകെ നയനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ജോമോന്‍ പിന്നീട് ഒന്നരമണിക്കൂറിന് ശേഷം ആശുപത്രിയില്‍ നിന്നും പോയാതായിട്ടാണ് വിവരം. പുലര്‍ച്ചെ മൂന്നരയോടെ പരിക്കേറ്റ ജോമോനെ പോലീസുകാരാണ് ഇവിടെ എത്തിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ചെറിയ മുറിവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് എത്തിയ ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്ന് സംശയിക്കുന്നതായി ആശുപ്രിയിലെ ഡോക്ടറും നഴ്‌സുമാരും പറയുന്നു. ഡ്രൈവറാണോ അധ്യാപകനാണോ എന്ന് ചോദിച്ചപ്പോള്‍ അധ്യാപകനാണെന്നാണ് പറഞ്ഞതെന്ന് ഡോക്ടര്‍ പറയുന്നു. കുറേ ചോദിച്ചപ്പോള്‍ ഡ്രൈവറാണെന്ന് സമ്മതിച്ചു. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.

Loading...

മുന്നില്‍ ഒരു കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ റോഡിന്റെ മധ്യത്തിലൂടെ പോയിരുന്നു. ഹോണടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെട്ടന്ന് കെഎസ്ആര്‍ടിസി ഇടത് ഭാഗത്തേക്ക് എടുത്തു. ഇതോടെ കെഎസ്ആര്‍ടിസിയുടെ പിന്‍വശത്ത് ഇടിച്ചു. താന്‍ തെറിച്ചുപോയെന്നും ഡ്രൈവര്‍ പറഞ്ഞതായി ഡോക്ടര്‍ പറയുന്നു.

വടക്കഞ്ചേരിയിലാണ് കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ച് വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഒന്‍പതു പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാത്രി 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ചത്.

41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം ഊട്ടിയിലേക്ക് ടൂര്‍ പോയതായിരുന്നു, കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.