കോഴിക്കോട്/വടകരയില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് മരിച്ച സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അടക്കം 66 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. യുവാവിന്റെ മരണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
വടകര താഴേ കോലോത്ത് പൊന്മേരിപറമ്പില് സജീവന് (42) ആണ് മരിച്ചത്. മരണപ്പെട്ട സജീവനോട് പോലീസ് ഉദ്യോഗസ്ഥര്‍ കരുണ കാണിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ അന്വേഷണത്തിന് ശേഷം നടപടികള്‍ സ്വീകരിക്കും. കുഴഞ്ഞ് വീണ സജീവിനെ ആശുപത്രിയില്‍ എത്തിക്കുന്ന കാര്യത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി ഉണ്ടായ വാഹനപകടത്തേ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരും വഴിയില്‍ വെച്ച് ബഹളം ഉണ്ടാക്കിയിരുന്നു. പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന്റെ പേരിലും മദ്യപിച്ചെന്ന് ആരോപിച്ചുമാണ് സജീവനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച സജീവന് മദ്യപിച്ച കാര്യം സമ്മതിച്ചെന്നും തുടര്‍ന്ന് എസ്ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ തനിക്ക് നെഞ്ച് വേദനയുള്ളതായി സജീവന് പറഞ്ഞതായി ബന്ധുക്കളും പറയുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സജീവന് കുഴഞ്ഞ് വീഴകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.