13 വര്‍ഷം കാത്തുകാത്തിരുന്ന് കിട്ടിയ പൊന്നോമന; ക്രിസിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അമ്മ മേരി

കൊച്ചി. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമന ക്രിസിന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അമ്മ മേരി കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു കുട്ടു… നിനക്ക് വേദനിച്ചോ എന്ന്. ഏക മകന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി മകന്റെ മൃതദേഹത്തിന് സമീപം പിതാവ് തോമസും ഇരിക്കുന്നുണ്ട്. ക്രിസിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഇരിക്കുന്ന ഇരുവരെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും.

13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തോമസിനും ഭാര്യ മേരിക്കും ഒരു മകനെ ലഭിച്ചത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) മരിച്ചത്. വക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. എറണാകുളം വെട്ടിക്കല്‍ മാര്‍ ബസേലിയോസ് സ്‌കൂളിലെ ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

Loading...

വടക്കഞ്ചേരി വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. നിലവില്‍ ഇയാള്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. അപകടസമയം ജില്ലാ പോലീസ് മേധാവിയോട് ഉള്‍പ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കും.

അതേസമയം വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് 2020 മാര്‍ച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.