ചെന്നൈ അതിര്‍ത്തിയായ പെരിങ്കളത്തൂരില് 20% പ്രത്യേക സംവരണം ആവശ്യപ്പെട്ട് നടത്തിയ വണ്ണിയര്‍ പ്രക്ഷോഭത്തില്‍ പരക്കെ അക്രമം. പ്രതിഷേധക്കാര്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞു. റെയില്‍വേ ട്രാക്ക് ഉപരോധിക്കുന്നതിനിടെ സബേര്‍ബന്‍ ട്രെയിനു നേരെയാണു കല്ലേറുണ്ടായത്.പൊടുന്നനെ ട്രാക്കിലേക്കു വന്ന പ്രവര്‍ത്തകരെ കണ്ടു ലോക്കോപൈലറ്റ് ബ്രേക്കിട്ടതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരുക്കില്ല.

വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും വണ്ണിയര്‍ സമുദായത്തിന് 20% പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. ഇതിനു പിന്നാലെ പിഎംകെ യുവജന വിഭാഗം നേതാവ് അന്‍പുമണി രാംദാസുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു വണ്ണിയര്‍ സംവരണമെന്ന മുദ്രാവാക്യവുമായി പിഎംകെ തെരുവിലിറങ്ങിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരമ്പര സംഘടിപ്പിക്കുമെന്നു പിഎംകെ സ്ഥാപകന്‍ എസ്. രാംദാസ് പ്രഖ്യാപിച്ചിരുന്നു.

റോഡ് ഉപരോധിച്ചതിനാല്‍ ചെന്നൈയ്ക്കും ചെങ്കല്‍പേട്ടിനുമിടയില്‍ മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പ്രത്യേക ക്വോട്ടയെന്ന ആവശ്യവുമായി രാംദാസ് 1980 ലാണു വണ്ണിയര്‍ സംഘം രൂപീകരിച്ചത്. പിന്നീട് പിഎംകെയ്ക്കു രൂപം നല്കി. പാര്‍ട്ടി നിലവില്‍ വന്നതിനു പിന്നാലെയുണ്ടായ പ്രക്ഷോഭത്തില്‍ 21 പേരാണ് മരിച്ചത്. 20% സംവരണമുള്ള അതീവ പിന്നാക്ക വിഭാഗത്തിലാണ് (എംബിസി) നിലവില്‍ വണ്ണിയര്‍ സമുദായം.