വരുൺ സിം​ഗിനെ വിദ​ഗ്ധ ചികിത്സയ്ക്കായി ബെം​ഗളൂരുവിലേക്ക് മാറ്റി; നില ​ഗുരുതരം

ബംഗ്ലൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. വൈകീട്ടോടെയാണ് അദ്ദേഹത്തെ എയർ ആംബുലൻസിൽ ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രി രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഡോക്ടർമാർ.

കൂനൂരിൽ അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോൾ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് മാത്രമാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം.വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ബംഗ്ലൂരുവിലേക്ക് എത്തിച്ചത്. വരുൺ സിങ്ങിൻറെ പിതാവ് റിട്ട കേണൽ കെ പി സിംഗും നേവി ഉദ്യോഗസ്ഥനായ സഹോദരൻ തനൂജും ബംഗ്ലൂരുവിലത്തിയിട്ടുണ്ട്. വരുൺ ജീവിതത്തിലേക്ക് ഉടൻ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു.

Loading...