11വർഷം 180 മില്യൺ വിശ്വാസികൾ; പീഡനനാളിലും സഭ വളരുന്നു, അതിവേഗം വിശ്വാസികൾ വർദ്ധിക്കുമ്പോഴും സമർപ്പിത വിളികൾ കുറയുന്നു; യൂറോപ്പിലും അമേരിക്കയിലും നേരിയ വളർച്ചമാത്രം

വത്തിക്കാൻ സിറ്റി: വംശഹത്യ ഹരമാക്കിയ ഇസ്ലാം തീവ്രവാദികളും സെക്കുലർ വാദികളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയദർശനങ്ങളെയും ഉന്മൂലനംചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കിയ ഇക്കഴിഞ്ഞ ദശകത്തിൽമാത്രം കത്തോലിക്കാ സഭാംഗങ്ങളിലുണ്ടായ വർദ്ധനയെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കേ ലോകത്തിനുണ്ടാവൂ- അത്ഭുതം! കൃത്യമായി പറഞ്ഞാൽ 2005 മുതൽ 2016വരെയുള്ള 11 വർഷത്തിനിടയിൽ ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയതായി ലഭിച്ച വിശ്വാസികളുടെ എണ്ണം 180 മില്യൺ വരും- ഇന്ത്യക്കാരുടെ കണക്കിൽ പറഞ്ഞാൽ 18 കോടി!

എല്ലാവർഷവും ‘വത്തിക്കാന്റെ പൊന്തിഫിക്കൽ ഇയർബുക്കി’ നൊപ്പം പ്രസിദ്ധീകരിക്കുന്ന ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ 2005ലെയും 2016ലെയും സ്ഥിതിവിവര കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ്, രക്തസാക്ഷിത്വത്തിന്റെ നാളിലും കത്തോലിക്കാസഭ വളർച്ചയുടെ പാതയിലാണെന്ന വസ്തുത വ്യക്തമാകുന്നത്. 2005ൽ സഭാംഗങ്ങളുടെഎണ്ണം 1.12ബില്യൺ. ഏറ്റവും പുതിയ കണക്കായ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ2016’ പ്രകാരം 1.30 ബില്യൺ. ലോക ജനസംഖ്യയുടെ 17.11% വരുമിത്. 2005ൽ ഇത് 17.3% ആയിരുന്നു (2005ൽ ലോകജനസംഖ്യ 6.5 ബില്യൺ ആയിരുന്നു, ഇപ്പോൾ ഇത് 7.6 ബില്യനാണ്). ഇക്കഴിഞ്ഞ ദിവസമാണ് ‘പൊന്തിഫിക്കൽ ഇയർബുക്ക് 2018’ നൊപ്പം ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ 2016’ പ്രസിദ്ധീകരിച്ചത്.

അൽമായ വിശ്വാസികളുടെ എണ്ണത്തിന് അനുപാതികമായിതന്നെ ബിഷപ്പുമാരുടെയും വൈദികരുടെയും സെമിനാരിയന്മാരുടെയും ഡീക്കന്മാരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും സന്യസ്ത സഭാംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഗൗരവതരമാണ്. 2005ൽ സന്യസ്ത സഭാ വൈദികരുടെ എണ്ണം 136,649 ആയിരുന്നെങ്കിൽ 2016ൽ ഇത് 52,625 മാത്രമായി. 11 വർഷംകൊണ്ട് സംഭവിച്ചത് 62%ന്റെ കുറവ്. ഇക്കാലയളവിൽ കന്യാസ്ത്രീകളുടെ എണ്ണത്തിലുണ്ടായ കുറവും ഭീതിതമാണ് 2005ൽ 760,529പേർ; 2016ൽ 659,000. സമർപ്പിത വിളികൾ അപകടകരമാംവിധം കുറയുന്നു എന്നതുതന്നെ ഇതിന് കാരണം.

പ്രതീക്ഷ പകരാൻ ചില കണക്കുകൾകൂടി കഴിഞ്ഞ ഒരു വർഷംകൊണ്ടുമാത്രം സഭാംഗങ്ങളുടെ വളർച്ചയിൽ രേഖപ്പെടുത്തിയത് 1.1% വളർച്ചയാണ്. 2015ൽ 1.285 ബില്യൺ വിശ്വാസികളാണ് ഉണ്ടായിരുന്നതെങ്കിൽ 2016 ൽ അത് 1.299 ആയി ഉയർന്നു. കത്തോലിക്കാ വിശ്വാസികളുടെ 48.6%വും അമേരിക്കൻ ഭൂഖണ്ഡത്തിലാണ് അധിവസിക്കുന്നതെങ്കിലും സഭാംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഏറ്റവും മുന്നിൽ ആഫ്രിക്കതന്നെയാണെന്ന് പുതിയ കണക്കുകളും വ്യക്തമാക്കുന്നു. 2010ൽ അവിടുത്തെ കത്തോലിക്കാ ജനസംഖ്യ 185 മില്യൺ ആയിരുന്നെങ്കിൽ ഇപ്പോൾ 228മില്യണാണ്- ആറു വർഷം
കൊണ്ട് സംഭവിച്ചത് 23.2% വർദ്ധന. ഏഷ്യയും വളർച്ചയുടെ പാതയിൽതന്നെ. തെക്ക് കിഴക്കൻ ഏഷ്യയിലെ കത്തോലിക്കാജനസംഖ്യയുടെ 76%വും ഭാരതസഭയിലും ഫിലിപൈൻസ് സഭയിലുമാണുള്ളത്.

2010നും 2016നും ഇടയിൽ ബിഷപ്പുമാരുടെ എണ്ണത്തിൽ 4.88%ത്തിന്റെ വർധനവുണ്ടായി. 2010ൽ 5,104 ആയിരുന്നെങ്കിൽ 2016ൽ അത് 5,353 ആയി ഇതേ കാലഘട്ടത്തിൽ വൈദികരുടെ എണ്ണം 0.7% വർധിച്ചു. 412,236ൽനിന്ന് 414.969ലേക്ക്. സ്ഥിര ഡീക്കന്മാരാണ് ഏറ്റവുമധികം വേഗത്തിൽ വർധിക്കുന്ന മറ്റൊരു ശുശ്രൂഷാവിഭാഗം. 2010ൽ 39,564 ഡീക്കന്മാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 46,312 ഡീക്കന്മാർ ദൈവരാജ്യത്തിനായിവേല ചെയ്യുന്നുണ്ട്. നോർത്ത് അമേരിക്കയിലും യൂറോപ്പിലുമാണ് സഭാംഗങ്ങളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Top