പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് വാവ സുരേഷ് വീട് വെച്ച് നല്‍കും

പത്തനാപുരം: പത്ത് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവം വളരെ വേദനയുണ്ടാക്കിയ വാര്‍ത്തയായിരുന്നു .മാങ്കോട് അംബേദ്കര്‍ ഗ്രാമത്തിലെ ആദിത്യയാണ് ദാരുണമായി മരിച്ചത്. മണ്‍കൂരയില്‍ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെയായിരുന്നു പാമ്പുകടിയേറ്റ് മരിച്ചത്.ഇപ്പോളിതാ കുട്ടിയുടെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് വാവ സുരേഷ്.സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച് നല്‍കും

വീടിനായി ലൈഫ് മിഷനില്‍ പലതവണ അപേക്ഷ നല്‍കിയിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദര്‍ശിച്ചു.മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കള്‍ വാവ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു.എന്നാല്‍ അന്ന് സ്നേഹപൂര്‍വം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി.വീടുപണി ഉടന്‍ ആരംഭിക്കുമെന്ന് വീട്ടുകാര്‍ക്ക് വാവ ഉറപ്പും നല്‍കി

Loading...

മുപ്പത് വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ പണി തീരാത്ത ചെറിയ വീട്ടിലാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുടുംബം താമസിച്ചിരുന്നത്.തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോ കെട്ടിയ നിലയിലാണ്.ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്

ഈ മാസം 2ന് രാത്രിയിലാണ് തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ പാമ്ബ് ആദിത്യയുടെ ചെവിയില്‍ കടിച്ചത്. കുട്ടി ഉണര്‍ന്ന് വിവരം അറിയിച്ചെങ്കിലും മറ്റെന്തോ പ്രാണി കടിച്ചതാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ വേദന അസഹ്യമായതോടെ രാവിലെ 6 ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. മാങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു