പാമ്പ് പിടുത്തം തുടരും, ഇത് തന്റെ രണ്ടാം ജന്മമെന്ന് വാവ സുരേഷ്

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. മരണം വരെ പാമ്പ് പിടുത്തം തുടരുമെന്ന് വാവ സുരേഷ് വ്യക്തമാക്കി. ആശുപത്രി വിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാവ സുരേഷ്. കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും വാവ സുരേഷ് പറയുന്നു. പാമ്പ് പിടുത്തം തുടരാൻ തന്നെയാണ് തന്റെ തീരുമാനം. തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പലരോടും പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. ഏത് രീതിയിൽ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തിൽ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

വാവാ സുരേഷിൻറെ ആരോഗ്യനില പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്. മന്ത്രി വി എൻ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിവരധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയിൽ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിൻറെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Loading...