യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ കയറ്റണം; വടക്കേ നാലമ്പലത്തില്‍ പാടിക്കണം; അതിനുവേണ്ടി ഞാന്‍ സത്യാഗ്രഹമിരിക്കും: മരിക്കുംമുമ്പ് വയലാര്‍ പറഞ്ഞു; ശബ്ദരേഖ വൈറല്‍

യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ കയറ്റണം. വടക്കേ നാലമ്പലത്തില്‍ പാടിക്കണം. മരിക്കുംമുമ്പ് വയലാര്‍ ആവശ്യപ്പെട്ടു. ആവശ്യമുയര്‍ത്തി ഗുരുവായൂരമ്പലത്തിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും കവി പ്രഖ്യാപിച്ചു. കെപിഎസിയുടെ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു അത്.

ആ സമരം നടന്നില്ല. പ്രസംഗം കഴിഞ്ഞ് ഏറെ കഴിയും മുമ്പ് വയലാര്‍ ഓര്‍മ്മയായി. വയലാറിന്റെ 42-ാം ചരമ വാര്‍ഷികത്തിന്, യേശുദാസിന്റെ ക്ഷേത്രപ്രവേശനവും അബ്രാഹ്മണപൂജാരികളുടെ ശ്രീകോവില്‍പ്രവേശവും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും കേരളം ചര്‍ച്ചചെയ്യുമ്പോള്‍, കവിയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ കേള്‍ക്കാം.

Loading...

ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും എന്ന പാട്ട് യേശുദാസിനെക്കൊണ്ടു പാടിക്കാന്‍ താന്‍ എഴുതിയതാണെന്നും കവി ഇതേ പ്രസംഗത്തില്‍ വെളിപ്പെടുത്തി. വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ആ പാട്ട് ഒതേനന്റെ മകന്‍ എന്ന പടത്തിലാണുള്ളത്. അഹിന്ദുവായ പ്രേം നസീറാണ് ചിത്രത്തില്‍ ആ ഗാനം പാടി അവതരിപ്പിക്കുന്ന കഥാപാത്രമായി വേഷമിട്ടത് എന്ന സവിശേഷതയുമുണ്ട്.