തുപ്പൽ മുഖത്ത് വീണവർ തുടച്ചേക്ക്, വൈറലായി വഴുതന

‘വഴുതന’ എന്ന ഹ്രസ്വചിത്രത്തിന്‍റെ ടീസർ വൈറലായിരുന്നു. ഇപ്പോൾ 12 മിനിറ്റുള്ള മുഴുവൻ വീഡിയോയും അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. രചന നാരായണൻകുട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ‘തട്ടീം മുട്ടീം’ എന്ന ഹാസ്യപരമ്പരയിലെ ജയകുമാർ പരമേശ്വരൻ പിള്ളയും ചിത്രത്തിലുണ്ട്.

സാധാരണക്കാരിയായ ഒരു വീട്ടമ്മ അപ്പുറത്തെ വീട്ടിലെ വഴുതന ചെടിയിൽ നിന്ന് ഒരു വഴുതന പറിച്ചെടുത്ത് വശത്താക്കുന്നതായിരുന്നു ടീസറിലുണ്ടായിരുന്നത്. എന്നാൽ ഇത് അടുത്തവീട്ടിലെ ഒരാള്‍ നോക്കി നിൽക്കുന്നതും അയാള്‍ അത് മറ്റൊരു രീതിയിൽ ചിന്തിക്കുന്നതുമായിരുന്നു വീഡിയോയിൽ കാണിച്ചിരുന്നത്. വീഡിയോ കാണുന്നവരേയും ഇതേ രീതിയിൽ തന്നെ ചിന്തിപ്പിക്കും വിധമായിരുന്നു വീഡിയോയുടെ ചിത്രീകരണം. ടീസർ വൈറലായതോടെയാണ് ഇന്ന് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.

Loading...

അലക്‌സ് സംവിധാനം ചെയ്ത കുഞ്ഞ് ചിത്രം സമൂഹത്തിലെ ഒളിഞ്ഞുനോട്ടാകാര്‍ക്കുള്ള മറുപടിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. വീടുകളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ കുടുംബ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെയൊക്കെ ഒളിഞ്ഞുനോക്കുന്നവര്‍ക്ക് മുഖത്തിടിക്കുന്ന മറുപടി തന്നെ ചിത്രം കൊടുക്കുന്നുണ്ട്.

കാരുണ്യമാത ഫിലിമിന്‍റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കഥയും തിരക്കഥയും ശ്യാം വര്‍ക്കലയും റോണി റാഫേൽ സംഗീതവും കലാസംവിധാനം റിഷിയും നിര്‍വ്വഹിച്ചിരിക്കുന്നു.