തൃക്കാക്കരയിൽ കള്ളവോട്ട് നടന്നിട്ടുണ്ട്; പിന്നിൽ സിപിഎമ്മെന്ന് വി ഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർത്തിയാതോടെ വീണ്ടും പുതിയ വിവാദങ്ങൾ ഉയർത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് വി ഡി സതീശൻ. തൃക്കാക്കരയിൽ കള്ളവോട്ട് വ്യാപകമായി നടന്നിട്ടുണ്ടെന്നും പിന്നിൽ സിപിഐഎം ആണെന്നുമാണ് വി ഡി സതീശൻ പറയുന്നത്. സിപിഎം പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിൻറെ പിടിയിലായത്. ഇയാൾ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് വ്യാജ ഐഡി ഉണ്ടാക്കിയാണ്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെൻറ് സ്കൂൾ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിൻറെ പിടിയിലായത്. പിറവ0 പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആൽബിൻ വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആൽബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനാധിപത്യ രീതിയിൽ ജയിക്കാൻ എൽഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പ്രതികരിച്ചു.

Loading...