പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വി ഡി സതീശൻ എംഎൽഎ. ആനക്കയം ഭാഗത്ത് ജല വൈദ്യുത പദ്ധതിക്ക് വേണ്ടി 20 ഏക്കർ നിബിഢ വനം മുറിച്ചു മാറ്റാനുള്ള സർക്കാർ നിർദ്ദേശം പിൻവലിക്കണം. ഇവിടെ തുരങ്കം നിർമ്മിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്നും അക്കമിട്ട് നിരത്തിയാണ് അദ്ദേഹം ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത്
കുറിപ്പിന്റെ പൂർണ്ണരൂപം
ബഹു. മുഖ്യമന്ത്രിക്ക്, വളരെ പ്രധാനപ്പെട്ട ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. വാഴച്ചാൽ ഡിവിഷനിലെ ആനക്കയം ഭാഗത്ത് ജല വൈദ്യുത പദ്ധതിക്ക് വേണ്ടി 20 ഏക്കർ നിബിഢ വനം മുറിച്ചു മാറ്റാനുള്ള സർക്കാർ നിർദ്ദേശം പിൻവലിക്കണം. ഇവിടെ തുരങ്കം നിർമ്മിക്കാനുള്ള നീക്കവും ഉപേക്ഷിക്കണം.
1. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകൾ വനം നശിപ്പിച്ചും തുരങ്കം നിർമ്മിച്ചും തകർക്കരുത്.
2. കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, പ്രത്യേകിച്ച് മലയിടിച്ചിലും ഉരുൾ പൊട്ടലുകളും ഇനിയും നമ്മുടെ കണ്ണുതുറപ്പിച്ചില്ലെങ്കിൽ ദുരന്തങ്ങളെ നാം ക്ഷണിച്ചു വരുത്തുക എന്നതായിരിക്കും അതിനർത്ഥം.
3. പശ്ചിമഘട്ട മലനിരയിൽ 3.65 മീറ്റർ വ്യാസത്തിൽ 5167 മീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കാനുള്ള നീക്കം പരിസ്ഥിതി ലോലമായ ഈ പ്രദേശത്തിന്റെ സർവ്വനാശത്തിന് വഴി തെളിക്കും.
4. 2006 ൽ പാസ്സാക്കിയ വനാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമായിരിക്കും അവിടെ നടക്കുന്നത്. നിയമപ്രകാരം അധികാരവും ചുമതലയുമുള്ള ഊരുകൂട്ടങ്ങളെ അറിയിച്ചിട്ടില്ല. ഊരുകൂട്ടം ചേർന്ന് രേഖാമൂലം വിസമ്മതം അറിയിച്ചിട്ടുണ്ട്.
5. ആനക്കയം ജലവൈദ്യുത പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാൽ അത് വഴി ലഭ്യമാകുന്ന വൈദ്യുതിക്ക് വൻ വില ഈടാക്കേണ്ടിവരും എന്ന് ബോധ്യമാകും. പിന്നെയെന്തിനാണ് കൂടുതൽ പാരിസ്ഥിതിക ജാഗ്രത കാണിക്കേണ്ട ഈ സമയത്ത് വനനശീകരണത്തിനും ദുരന്തസാധ്യതകൾക്കും വേണ്ടി സർക്കാർ തന്നെ വാതിലുകൾ തുറക്കുന്നത്?
ഉചിതമായ നടപടികൾ ഇക്കാര്യത്തിൽ താങ്കൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ
വി.ഡി.സതീശൻ എം എൽ എ