സിപിഎമ്മുകാർ കോൺഗ്രസിനെതിരായി വ്യാജപ്രചരണം നടത്തുന്നു: സൈബർ തെമ്മാടികളെ തുരത്തുമെന്ന് വിഡി സതീശൻ

കൊച്ചി: കോൺഗ്രസിനെതിരായി വ്യാജപ്രചരണം നടത്തുന്ന സൈബർ തെമ്മാടികളെ തുരത്തുമെന്ന് വിഡി സതീശൻ എംഎൽഎ. ഷാഫി പറമ്പിൽ എം എൽ എ ക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാർ കോൺഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബർ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യുമെന്നും കോൺഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാമെന്നും വി‍ഡി സതീശൻ ഫേസ്ബുക്കിൽ വ്യക്തമാക്കി,

അതേസമയം ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് കോവിഡ് 19 ആണെന്ന് വ്യാജ പ്രചാരണം നടത്തിയ ആള്‍ക്ക് എതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗുരുവായൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ സോമരാജ് സി ടിക്കെതിരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കേസെടുത്തത്.

Loading...

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ മലയാളികളെ ഷാഫി പറമ്പിലും കോണ്‍ഗ്രസ് സംഘവും സന്ദര്‍ശിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് സോമരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്.