ഇനിയൊരു പ്രളയമുണ്ടായാൽ ഉത്തരവാദി സംസ്ഥാന സർക്കാർ മാത്രം: വി ഡി സതീശൻ

കൊച്ചി: മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് പ്രളയ സാധ്യത ലഘൂകരിക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വി ഡി സതീശൻ എംഎൽഎ. 2018-19 വർഷങ്ങളിൽ തുടർച്ചായായുണ്ടായ പ്രളയങ്ങൾക്ക് ശേഷം വീണ്ടും 2020 ലെ മൺസൂൺ കടന്നു വരുകയാണ്. ഈ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് പ്രളയ സാധ്യത ഉണ്ടായാൽ അത് ലഘൂകരിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ല. 2018ൽ പ്രളയം ഉണ്ടായപ്പോൾ നാം പ്രളയത്തെ നേരിടാൻ കെെക്കൊണ്ടത് വളരെ പ്രാകൃതമായ മാർ​​ഗ്​ഗങ്ങളാണ്. ഇതുവരെ ഒരു ശാസ്ത്രീയ മാർ​ഗ്​​ഗങ്ങളും സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നത് ദൗർഭാ​ഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രളയ സാധ്യത മേഖലകൾ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ഒരു പഠനവും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. ഡാം മാനേജ്മെന്റിന്റെ കാര്യത്തിൽ സർക്കാർ പരിപൂർണ്ണമായും പരാജയപ്പെട്ടു. ഫ്ലഡ് മാപ്പിം​ഗ് കഴിഞ്ഞ രണ്ട് വർഷമായി നടത്തിയിട്ടില്ല. മുന്നറിപ്പ് സംവിധാനങ്ങളുടെ കാര്യവും പരിതാപകരമാണ്. ഡാം മാനേജ്മെന്റിന്റെ കാര്യത്തിൽ ​ഗവൺമെന്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെയും ജില്ലാ ഭരണകൂടത്തെയും പ്രളയസാധ്യത മുൻകൂട്ടി അറിയിക്കാൻ ഉള്ള സംവിധാനം വേണം. എങ്കിൽ മാത്രമേ രക്ഷാ പ്രവർത്തനം നടത്താനും ആളുകളെ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കാനും സാധിക്കുള്ളൂ. വെള്ളം ഒഴുകിപോകേണ്ട ഇടതോടുകളുടെയും കനാലുകളുടെയും ആഴം ഇതുവരെ കൂട്ടിയിട്ടില്ല. കഴിഞ്ഞ തവണത്തെ മഹാപ്രളയത്തിന്റെ ദുരന്തത്തിന്റെ പരിണിത ഫലം ഇന്നും ജനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

Loading...

മഹാ ദുരന്തം ആവർത്തിച്ച് ഉണ്ടായിട്ടും ഞങ്ങൾ ഒരു നടപടിയും സ്വീകരിക്കില്ലെന്ന സർക്കാരിന്റെ നിലപാട് ദൗർഭാ​ഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു പ്രളയം ഉണ്ടായാൽ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന് ആയിരിക്കും. കൊറോണ വ്യാപനത്തിന്റെ കാലഘട്ടത്തിൽ പ്രളയമുണ്ടായാൽ രോ​ഗികളെയും മറ്റു ജനങ്ങളെയും പാർപ്പിക്കുക എന്നത് വളരെ ശ്രമകരമാണ്. 2018 ലും 19ലും രണ്ട് പ്രളയങ്ങളിലൂടെ കടന്ന് പോയതിൻ്റെ ഭീതി ഇപ്പോഴും മാറിയിട്ടില്ല. സർക്കാരും വിവിധ ഏജൻസികളും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ കൊവിഡിൻ്റെ കൂടി പശ്ചാത്തലത്തിൽ ഇനി മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.