മന്ത്രി തോമസ് ഐസകിന് തട്ടിപ്പ് പുറത്തു വരുമെന്ന് ആശങ്ക: വിഡി സതീശൻ

കൊച്ചി: ധനമന്ത്രി തോമസ് ഐസക് കിഫ്ബി – സിഎജി വിവാദത്തിൽ രാജിവയ്ക്കണമെന്ന് വിഡി സതീശൻ എംഎൽഎ. മുകളിൽ ആകാശവും താഴെ ഭൂമിയും അതിർത്തി ആയി നടക്കേണ്ടവർ അല്ല മന്ത്രിമാരെന്നും സിഎജി കേന്ദ്ര എജൻസിയാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

സർക്കാരിൻ്റെ അറിവില്ലാത്ത ഒരു കാര്യവും സിഎജി റിപ്പോർട്ടിൽ വരില്ല. ഓഡിറ്റിൽ കണ്ടെത്തുന്ന, സംശയം തോന്നുന്ന എല്ലാ കാര്യത്തിലും സിഎജി സർക്കാരിൻ്റെ നിലപാടും വിശദീകരണവും തേടാറുണ്ട്. ഒരു ഭരണഘടനസ്ഥാപനമാണ് സിഎജി അല്ലാതെ ഇഡിയോ സിബിഐയോ പോലെ ഒരു കേന്ദ്ര സർക്കാർ ഏജൻസിയല്ല. ഇതൊന്നും അറിയാത്ത ആളല്ല ഐസക്. ഈ സർക്കാരിൻ്റെ കാലത്ത് കിഫ്ബി ബിൽ നിയമസഭയിൽ കൊണ്ടു വന്ന നിമിഷം മുതൽ അതിനെ എതിർക്കുന്നവരാണ് ഞങ്ങൾ. സർക്കാരിന് വൻ ബാധ്യതയാണ് കിഫ്ബിയിലൂടെ ഉണ്ടാവുന്നത്. ചീഫ് സെക്രട്ടറിയുടേയും ധനകാര്യ സെക്രട്ടറിയുടേയും എതിർപ്പിനെ മറികടന്നാണ് തോമസ് ഐസക് വിദേശത്ത് നിന്നുള്ള മസാല ബോണ്ടുകൾ വാങ്ങിയത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ചെയ്യുന്ന സിപിഎമ്മിന് മുന്നിലേക്ക് സിഎജിയെ കൂടി ഇട്ടു കൊടുക്കുകയാണ് അദ്ദേഹം. – വിഡി സതീശൻ പറഞ്ഞു.

Loading...

സിഎജി സ‍ർക്കാരിൻ്റെ ഭാ​ഗമാണ്. അല്ലെന്നു ധരിപ്പിക്കാനാണ് മന്ത്രിയിപ്പോൾ ശ്രമിക്കുന്നത്. സർക്കാരിന് പുറത്താണ് എന്ന് വാദിക്കുന്നത് നിരാർഥകം. സ്റ്റേറ്റിന്റെ soverign ഗ്യാരന്റി കൊടുത്താണ് പണം വാങ്ങുന്നത്. ഭരണ ഘടന വിരുദ്ധം ആണെന്ന് അറിഞ്ഞു കൊണ്ടാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറിയുടേയും ധനകാര്യസെക്രട്ടറിയുടേയും എതി‍ർപ്പ് മറികടന്നാണ് ഐസക് മസാല ബോണ്ട് വാങ്ങിയത്. കിഫ്ബിയെക്കുറിച്ച് കെട്ടിപ്പൊക്കിയുണ്ടാക്കിയ ഇമേജ് സിഎജി റിപ്പോർട്ട് പുറത്തു വരുമ്പോൾ തകരും. ഇതു മുൻകൂട്ടി കണ്ടാണ് കേന്ദ്രത്തെ കടന്നാക്രമിച്ചു കൊണ്ട് ധനമന്ത്രി രം​ഗത്തു വന്നത്. ഈ റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ട് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചാൽ പോരെ. പിന്നെയെന്താണ് അങ്ങനെ ചെയ്യാതിരുന്നത്. ഇതെല്ലാം ഐസകിൻ്റെ കൗശലമാണ്. സംസ്ഥാനത്തെ സിപിഎം കേന്ദ്ര ഏജൻസികൾക്കെതിരെ സമയം ചെയ്യുകയാണ്. അപ്പോൾ ആ കൂട്ടത്തിലേക്ക് ഭരണഘടന സ്ഥാപനമായ സിഎജിയെ കൂടി ചേർത്തുവയ്ക്കുകയാണ് തോമസ് ഐസകെന്നും അദ്ദേഹം പറഞ്ഞു