ഓൺലൈൻ മദ്യവിൽപ്പന മറ്റൊരു ഡാറ്റ വിൽപ്പനയോ?: സംശയങ്ങൾ എണ്ണിപ്പറഞ്ഞ് വി‍ഡി സതീശൻ

കൊച്ചി: ഓൺലൈൻ മദ്യവിൽപ്പന മറ്റൊരു ഡാറ്റ വിൽപ്പനയാണോ എന്ന സംശയം ഉന്നയിച്ച് വി‍ഡി സതീശൻ എംഎൽഎ. മദ്യം ഓൺലൈനിൽ വിൽക്കുന്നതിനു വേണ്ടിയുള്ള വിർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റം ഉണ്ടാക്കാൻ ഫെയർ കോഡ് എന്ന സ്വകാര്യ കമ്പനിയെ സർക്കാർ ഏർപ്പെടുത്തി ദിവസങ്ങളായിട്ടും ഈ സംവിധാനം ഏർപ്പെടുത്താൻ ഈ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ചില സംശയങ്ങളുണ്ടെന്നും വി ഡി സതീശൻ എംഎൽഎ.

ഈ കമ്പനിയെ തിരഞ്ഞെടുത്ത സെലക്ഷൻ നടപടികൾ എന്തായിരുന്നു? എത്ര കമ്പനികൾ നടപടി ക്രമങ്ങളിൽ പങ്കെടുത്തുവെന്നും വി ഡി സതീശൻ ചോ​ദിക്കുന്നു. അതേസമയം കമ്പനിക്ക് ബുക്കിംഗ് ലഭിക്കുമ്പോൾ മൊബൈൽ നമ്പർ അടക്കമുള്ള ( വയസ്സടക്കം ) വിവരങ്ങൾ ലഭ്യമാകും. ഈ ഡാറ്റ കമ്പനി മറ്റേതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?എന്നും തന്റെ സംശയങ്ങൾ ഉന്നയിക്കുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

Loading...

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം
‌കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മദ്യം ഓൺലൈനിൽ വിൽക്കുന്നതിനു വേണ്ടിയുള്ള വിർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റം ഉണ്ടാക്കാൻ ഫെയർ കോഡ് എന്ന സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണല്ലോ?
എന്നാൽ ഓർഡർ കിട്ടി ഏറെ ദിവസങ്ങളായിട്ടും ഈ സംവിധാനം ഏർപ്പെടുത്താൻ ഈ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ ചില സംശയങ്ങൾ (ആരോപണങ്ങളല്ല ) ഉന്നയിക്കുകയാണ്.

1. ഇതോടൊപ്പമുള്ള രേഖയിലെ ചുവന്ന കോളത്തിൽ സൂചിപ്പിക്കുന്നത് പോലെ ഇത് നടത്തുന്ന കമ്പനിക്ക് സ്വന്തമായി ഒരു scalable product വേണം. അങ്ങിനെ സ്വന്തമായി ഒരു പ്രോഡക്ട് ഈ ഓർഡർ കിട്ടിയ കമ്പനിക്കുണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ടാണ് സിസ്റ്റം നടപ്പാക്കാൻ ഇത്രയും കാലതാമസം?
2. ഈ കമ്പനിയെ തിരഞ്ഞെടുത്ത സെലക്ഷൻ നടപടികൾ എന്തായിരുന്നു? എത്ര കമ്പനികൾ നടപടി ക്രമങ്ങളിൽ പങ്കെടുത്തു?
3. ഒരു ബുക്കിംഗിന് (ഒരു കുപ്പിക്ക് ) എത്ര പൈസയാണ് കമ്പനിക്ക് കിട്ടുന്നത്? 50 പൈസയാണെന്ന് ബെവ്കോയുടെ ചില രേഖകളിൽ പറയുന്നത് ശരിയാണോ? ഇതിനേക്കാൾ കുറവ് പൈസക്കോ, സൗജന്യമായോ ഈ സർവ്വീസ് നൽകാമെന്ന് ഏതെങ്കിലും കമ്പനികൾ ഓഫർ ചെയ്തോ?
4. ഫെയർ കോഡ് എന്ന കമ്പനിയുടെ പശ്ചാത്തലം എന്താണ്? അവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്ത മുൻപരിചയം ഉണ്ടോ?
ഈ കമ്പനിയുടെ ഡയറക്ടർമാർക്ക് വേറെയേതെങ്കിലും കമ്പനിയുണ്ടോ? ഉണ്ടെങ്കിൽ ആ കമ്പനിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്?
5. കമ്പനിക്ക് ബുക്കിംഗ് ലഭിക്കുമ്പോൾ മൊബൈൽ നമ്പർ അടക്കമുള്ള ( വയസ്സടക്കം ) വിവരങ്ങൾ ലഭ്യമാകും. ഈ ഡാറ്റ കമ്പനി മറ്റേതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?
മേൽ പറഞ്ഞ കാര്യങ്ങൾക്ക് സർക്കാരോ ബെവ്കോ യോ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.