സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദമില്ല; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധന റിപ്പോർട്ട് ചെയ്യുന്നത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ സംസ്താനത്ത് പുതിയ കൊവിജ് വകഭേദങ്ങൾ ഒന്നും തന്നെയില്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറയുന്നത്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്നും എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുകയെന്നും മന്ത്രി. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്തേയും ജില്ലകളുടേയും കൊവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതൽ. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. വാക്‌സിനേഷന്റെ പുരോഗതിയും ചർച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

Loading...