മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകമായി നിരീക്ഷിക്കും; ആരോ​ഗ്യമന്ത്രി

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചർച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാൻ മന്ത്രി നിർദ്ദേശിച്ചു. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങൾ അപ്പപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങൾ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പത് ഐസിയു ബെഡ്ഡുകൾ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു.

ഒരു വാർഡ് ഉടൻ പ്രവർത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയിൽ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും ജില്ലയിലെ ഫാർമസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോസേഫ്റ്റി ലെവൽ ലാബ് ഉടൻ പ്രവർത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിൽ എത്തും. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പിപിഇ കിറ്റ് ധരിക്കുന്നതിൽ ശുചീകരണ തൊഴിലാളികൾ അടക്കമുള്ള എല്ലാ ജീവനക്കാർക്കും പരിശീലനം നൽകാൻ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉൾപ്പെടുത്തി ഓൺലൈനായി നടത്തിയ യോഗത്തിൽ ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി, നിപ സ്‌പെഷൽ ഓഫീസർ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ എന്നിവർ പങ്കെടുത്തു.

Loading...