വീണ ജോര്‍ജിന്റെ തിരുവല്ല മിന്നല്‍ പരിശോധന; മന്ത്രി സ്ഥലംമാറ്റിയത് മുന്‍പേ മാറിയ ഡോക്ടറെ

പത്തനംതിട്ട. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് സ്ഥലംമാറ്റിയ ഡോക്ടര്‍ നേരത്തെ സ്ഥലംമാറ്റിയ ഡോക്ടര്‍മാരുടെ ലിസ്റ്റിലുള്ള വ്യക്തി. ആശുപത്രിയില്‍ പരിശോധന നടത്തിയ മന്ത്രി വീണ ജോര്‍ജ് ആശുപത്രി നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ ചണ്ടിക്കാട്ടിയാണ് സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലംമാറ്റയത്.

മിന്നല്‍ പരിശോധനയ്ക്ക് ശേഷം ഡോ. അജയമോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റുന്നതായി മന്ത്രി പറയുകയായിരുന്നു. അതേസമയം തിരുവല്ല സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാന്‍സ്ഫര്‍ ചെയ്യുന്നുവെന്നായിരുന്നു പ്രചരണം.

Loading...

എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് പദവി ഡപ്യൂട്ടി സൂപ്രണ്ടിന്റേതായത്. രണ്ടിടത്തും അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലാണ് നിയമനം.

കഴിഞ്ഞ 28ന് ആരോഗ്യവകുപ്പ് ഇറക്കിയ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഡോ. അജയമോഹനന്റെ പേരും ഉണ്ടായിരുന്നു. പകരം വര്‍ക്കലയില്‍ നിന്നും ഡോ.ബിജു നെല്‍സനെ തിരുവല്ലയില്‍ നിയമിച്ചതായും പട്ടികയില്‍ ഉണ്ട്. എന്നാല്‍ ബിജു നെല്‍സണ്‍ ചുമതലയേല്‍ക്കും വരെ താല്‍ക്കാലികമായി അജയമോഹന്‍ തിരുവല്ലയില്‍ തുടരുകയായിരുന്നു.