പച്ച കറികള്‍ക്കും ഹോർമോൺ കുത്തിവയ്പ്

തിരുവനന്തപുരം;  ഫ്രെഷും ശുചിത്വമുള്ളതുമായ പച്ചക്കറിക്കായി ജനങ്ങൾ നെട്ടോട്ടം തുടങ്ങിയപ്പോൾ അത്തരം പച്ചക്കറികൾ വിപണിയിലെത്തിക്കാൻ കർഷകർ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവരുന്നു. 101ഇന്ത്യ ഡോട് കോം എന്ന വെബ്‌സൈറ്റാണ് കൃഷിയിടങ്ങളിൽനിന്ന് എന്തൊക്കെ കീടനാശിനികളും കൃത്രിമാർഗങ്ങളും ഉപയോഗിച്ചശേഷമാണ് പച്ചക്കറി വിപണിയിലെത്തുന്നത് എന്നു വ്യക്തമാക്കുന്നത്. പച്ചക്കറി കാഴ്ചയിൽ തിളക്കമുള്ളതും ഫ്രെഷുമാണെന്നു തോന്നിക്കാൻ സിലിക്കോൺ സ്‌പ്രേയാണ് ചെയ്യുന്നതെന്നു കർഷകൻ വീഡിയോയിൽ പറയുന്നു.

പലപ്പോഴും ദിവസങ്ങൾ പഴകിയ പച്ചക്കറിപോലും ഇത്തരം സ്േ്രപ ചെയ്തു കഴിഞ്ഞാൽ തിളക്കമുള്ളതായി മാറും. തുണിക്കു നിറം കൊടുക്കുന്ന ചായങ്ങൾ സ്‌പ്രേയായി പച്ചക്കറിയിൽ അടിക്കുന്നതോടെ നിറവും വരും.വലിപ്പം കൂടാനായി ഹോർമോണായ ഓക്‌സിടോസിൻ കുത്തിവയ്ക്കും. ഇതോടെ ഒറ്റരാത്രി കൊണ്ടു പച്ചക്കറിക്ക് ഇരട്ടി വലിപ്പമാകും. ആരോഗ്യത്തിന് അതീവ ഗുരുതരമായ ഹാനിയുണ്ടാക്കുന്ന മാർഗങ്ങളാണ് പച്ചക്കറികളിൽ ഉപയോഗിക്കുന്നതെന്നാണു വീഡിയോ വ്യക്തമാക്കുന്നത്.

വാടിയതും നിറം മങ്ങിയതുമായ പച്ചക്കറികൾ ജനങ്ങൾ വാങ്ങാൻ മടിക്കുന്നതു മൂലമാണു കൃത്രിമമാർഗങ്ങൾ ഉപയോഗിച്ച് പച്ചക്കറികൾ ഫ്രഷാണെന്നും നിറമുള്ളതാണെന്നും തോന്നിക്കാൻ മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും കർഷകർ പറയുന്നു.