വയനാട്ടില്‍ ജയം രാഹുലിനൊപ്പം; തുഷാറിന്റെ കാര്യം എനിക്കറിയില്ല; വെള്ളാപ്പള്ളി

ആലപ്പുഴ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയം നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അടുത്തു നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അപ്പോള്‍ തുഷാറിന്റെ കാര്യമോ എന്ന് തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അറിയില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് വിജയിക്കുമെന്നും രാജ്യത്ത് കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മെയ് 23 ന് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്‌ബോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. ആലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫ് ജയിക്കുമെന്നും വെളളാപ്പള്ളി പറഞ്ഞു.

വോട്ടെടുപ്പ് നടന്ന ആദ്യ മണിക്കൂറില്‍ ഇത്തവണ കനത്ത പോളിങ്ങാണ് പലയിടത്തും രേഖപ്പെടുത്തിയത്. വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. ഒദ്യോഗിക കണക്ക് പ്രകാരം ഉച്ച 1.45 വരെ 48.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ 6,52,585 പേര്‍ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.