സെന്‍കുമാര്‍ ആരോ തയ്യാറാക്കിവിട്ട മനുഷ്യബോംബ്; വെള്ളാപ്പള്ളി

ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. താന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ്. കേളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ളഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Loading...

കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പളളിയും ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നായിരുന്നു തുഷാര്‍ പറഞ്ഞത്. മക്കളുടെ കല്യാണം നടത്തുന്നതിനായി മാത്രം എസ്‌എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ പറഞ്ഞിരുന്നു. സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം. തന്റെ പേരില്‍ കള്ളയൊപ്പിട്ട് കോടിക്കണക്കിന് രൂപ തട്ടിയതായും അതിനെതിരെ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.

എസ്‌എന്‍ഡിപി യോഗത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്നാണ് ടി.പി.സെന്‍കുമാര്‍ ആരോപിച്ചത്. എസ്‌എന്‍ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച്‌ ആദായനികുതി വകുപ്പ് അന്വേഷിക്കണം. എസ്‌എന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂള്‍, കോളജ് അഡ്‌മിഷനും നിയമനങ്ങള്‍ക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

എസ്‌എന്‍ഡിപി മൈക്രോ ഫിനാന്‍സിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങള്‍ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണം. അവര്‍ ഡോണേഷനാണ് കൊടുത്തത്. അതിനാല്‍ സ്വതന്ത്രമായി വരാം. അവര്‍ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് 150 ഡിഗ്രി മാറിയാണ് എസ്‌എന്‍ഡിപി സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്‌എന്‍ഡിപിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്റെ രേഖകള്‍ ശേഖരിച്ചു വരികയാണ്.

ജനാധിപത്യരീതിയിലേക്ക് എസ്‌എന്‍ഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്‌എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശം നല്‍കണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്‌എന്‍ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പണം ചെലവഴിക്കുന്നില്ല. ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീര്‍ത്ഥാടനത്തിനു 100 രൂപവീതം എസ്‌എന്‍ഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്‌എന്‍ഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണം.സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സമ്ബത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു