എൻ.എസ്.എസിന്റേത് കാടൻ ചിന്തകളെന്ന് വെള്ളാപ്പള്ളി, എന്തും പറയാമെന്നും ആരുടെയും തലയിൽ കയറാമെന്നും കരുതേണ്ട

എൻ.എസ്.എസ്. നേതൃത്വത്തിന് കാടൻ ചിന്തകളാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ., എന്തും പറയാമെന്നും ആരുടെയും തലയിൽ കയറാമെന്നും കരുതേണ്ട.

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകർക്കുക എന്നതുമാത്രമാണ് എൻ.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാൾ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാൽ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

എൻ.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവർക്ക് സവർണരെ പ്രതിഷ്ഠിക്കണം. അവർണർക്ക് ഒന്നും നൽകുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എൻ.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈഴവൻ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എൻ.എസ്.എസ്. ആർ.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോൾ അത് കണ്ടതാണ്. ഒരു സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഇപ്പോഴേ നടത്തുന്നു.

എന്തും പറയാമെന്നും ആരുടെയും തലയിൽ കയറാമെന്നും എൻ.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.