വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി വെളിയത്ത് റോയിയുടെ ഭാര്യ ഗ്രേസി (46) നെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് റോയി (51) നെ പോലീസ് അറസ്റ്റ് ചെയ്തു.

വർഷങ്ങളായി വിയന്നായിൽ താമസിച്ചു വരികയായിരുന്ന ഇരുവർക്കും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഗ്രേസിയുടെ മരണവും റോയിയുടെ അറസ്റ്റും ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല.

സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിലെ ബാത്ത് ടബിൽ കൈത്തണ്ട മുറിച്ചു രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വിശദ പരിശോധനയിൽ തലയുടെ പിൻഭാഗത്ത് മാരകമായ മുറിവു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം കൊല നടത്തിയ ശേഷം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ബാത്ത് ടബ്ബിൽ കിടത്തിയതാണെന്നു റോയി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം റോയി എന്തിന് ഭാര്യയെ കൊന്നുവെന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല. സംശയ രോഗമാകും കൊലയ്ക്ക് കാരണെന്നാണ് ഏവരും കരുതുന്നത്. റോബിൻ, റെൻസൻ, രേഖ എന്നിവർ ഇരുവരുടെയും മക്കളാണ്.

Top