ലോക്ക്ഡൗണ്‍ കാലത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു വിവാഹ നിശ്ചയം

കൊച്ചി: ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ആഘോഷങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. വിവാഹവും ഉത്സവവും പെരുന്നാളും എല്ലാം വേണ്ടെന്ന് വെച്ചു. ലോക്ക് ഡൗണ്‍ പീരിയഡില്‍ നടന്ന ഒരു വിവാഹ നിശ്ചയമാണ് ഏറെ പ്രശംസ പിടിച്ചുപറ്റുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. എറണാകുളം സ്വദേശി ആയ രാകേഷിന്റെയും തൃശ്ശൂര്‍ അന്നനാട് സ്വദേശിനി ആയ അമൃത കൃഷ്ണയുടെയും വിവാഹ നിശ്ചയമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിശ്ചയിച്ചത് പോലെ നടന്നത്.

അടുത്തമാസം 26നാണ് വിവാഹം. റബര്‍ ബോര്‍ഡ് ജീവനക്കാരനായ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകളാണ് അമൃത. റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം തിരുവാങ്കുളം തൈക്കൂട്ടത്തില്‍ ജയരാജന്റെയും റിട്ട. അധ്യാപിക ഇന്ദിരാ ദേവിയുടെയും മകനാണ് രാകേഷ്. ജോലി സ്ഥലത്താണ് ഇരുവരും ഉള്ളത്. ബംഗളൂരുവിലെ ബി പി സി എല്‍ ഉദ്യോഗസ്ഥയാണ് അമൃത. രാഹുല്‍ ചെന്നൈയില്‍ നിസാന്‍ കമ്പനിയില്‍ എന്‍ജിനീയറും.വധുവിന്റെ അച്ഛന്‍ ഗോപാലക്കൃഷ്ണന്‍ വേദ പഠനം നടത്തിയയിട്ടുള്ളതിനാല്‍ പുറമെ നിന്നുള്ള കാര്‍മികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്.

Loading...

അതേസമയം മറ്റൊരു സംഭവത്തില്‍ ആലപ്പുഴ വണ്ടാനം വാണിയം പറമ്പ് ഇബ്രാഹിം കുട്ടിയുടെയും ലൈല ബീവിയുടെയും മകള്‍ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനില്‍ സലിം രാജിന്റെയും ബുഷ്‌റയുടെയും മകന്‍ സബീലിന്റെയും വിവാഹം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം നടത്തി മാതൃകയായി. നാല് പേര്‍ മാത്രമാണ് ഇവരുടെ നിക്കാഹില്‍ പങ്കെടുത്തത്.

വിദേശത്ത് ആയിരുന്നു സബീലിന്റെ കുടുംബം വിവാഹ ഒരുക്കങ്ങള്‍ക്ക് വേണ്ടി നേരത്തെ തന്നെ നാട്ടില്‍ എത്തിയിരുന്നു. ജോലിയുടെ ആവശ്യം മൂലം ഏപ്രിലില്‍ വിദേശത്തേക്ക് തിരികെ പോകേണ്ടി വന്നതിനാല്‍ വിവാഹം നീട്ടി വെക്കാന്‍ സാധിക്കാത്ത സാഹചര്യം ആയിരുന്നു. ഒമ്പത് മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു വിവാഹം. തൊട്ടടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും വിവാഹത്തില്‍ പങ്കെടുത്തില്ല.

സബീലും അനുജന്‍ സജീറും കായംകുളം പള്ളി മഹലിന്റെ വിവാഹ രജിസ്റ്ററുമായി കാറില്‍ പെണ്‍ കുട്ടിയുടെ പിതാവിന്റെ കുടുംബ വീടായ കഞ്ഞിപ്പാടത്ത് എത്തി. ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും അടക്കം വിവാഹത്തിന് ആകെ നാലുപേര്‍. ശബാനയുടെ ഉമ്മ ലൈല പോലും വിവാഹം നടക്കുന്നിടത്തേക്ക് വന്നില്ല. നിക്കാഹിനു ശേഷം വധുവിനെയും കൂട്ടി സബീല്‍ കായംകുളത്തെ വീട്ടിലേക്ക് തിരിച്ചു.