ഗ്രീഷമയും ഷാരോണും താലികെട്ടുന്ന ദിവസത്തെ വിഡിയോ പുറത്ത്

തിരുവനന്തപുരം. ഷാരോണ്‍ രാജ് ഗ്രീഷ്മയെ താലികെട്ടുന്ന ദിവത്തെ വിഡിയോ പുറത്ത്. ഇന്ന് നമ്മുടെ കല്യാണമാണെന്നും ഷാരോണ്‍ രാജ് പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വിഡിയോയില്‍. ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ഷാരോണ്‍ 25നാണ് മരിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞിരുന്നു. മെയ് മാസത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. ഷാരോണിന്റെ വീട്ടില്‍ വെച്ചായിരുന്നു താലി കെട്ടിയത്.

ആദ്യ ഭര്‍ത്താവ് മരിച്ച് പോകുമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതു വിശ്വസിക്കാത്ത ഷാരോണ്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് പറഞ്ഞ് താലി കെട്ടുകയായിരുന്നു. താലി കെട്ടിയ ശേഷം ദിവസവും കുങ്കുമം ഇട്ട ഫോട്ടോ ഗ്രീഷ്മ ഷാരോണിന് അയച്ച് നല്‍കിയിരുന്നു. താലി കെട്ടി കുങ്കുമം ചാര്‍ത്തിയ ആളിനോട് അങ്ങനെ ചെയ്യുവാന്‍ കഴിയുമോ എന്ന് ഗ്രീഷ്മ ചോദിച്ചിരുന്നു.

Loading...

ഷാരോണ്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന നല്‍കി പോലീസ്. പ്രതിയായ ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും ഇയാളുടെ മക്കളം പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് പറയുന്നു. ഗ്രീഷ്മയുടെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം.

ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്നും അകലുവാന്‍ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഷാരോണിന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമോയെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് ഗ്രീഷ്മ പറയുന്നു. വിഷം നല്‍കുമ്പോള്‍ സംശയം തോന്നാതിരിക്കുവാന്‍ ഷാരോണിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു.