ബലാത്സം​ഗക്കേസ്; വിജയ് ബാബുവിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല

കൊച്ചി: യുവ നടിയെ ബലാത്സം​​ഗം ചെയ്തെന്ന പരാതിയിൽ നടൻ വിജയ് ബാബുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല.തിങ്കളാഴ്ച വീണ്ടും കേസിൽ വാദം തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിക്കുകയും ചെയ്തു.

എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.ഇടക്കാല ഉത്തരവില്ലാത്തതിനാൽ വിജയ് ബാബു തിങ്കളാഴ്ച ഹാജരായേക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Loading...