മുത്തയ്യ മുരളീധരനായി വിജയ് സേതുപതി, വിജയ് സേതുപതിക്കെതിരെ ട്വിറ്ററില്‍ ക്യാംപെയ്‍ന്‍

വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്ടുകളിൽ കൗതുകമുണർത്തുന്ന ഒന്നായിരുന്നു മുത്തയ്യ മുരളീധരൻറെ ജീവചരിത്ര സിനിമ. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ‘800’ എന്ന ചിത്രത്തിൻറെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.

ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ വീഡിയോയിൽ മുരളീധരൻറെ രൂപഭാവങ്ങളോടെയുള്ള സേതുപതിയുടെ ചിത്രവുമുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വലിയ വിഭാഗം പ്രതിഷേധമുയർത്തി രംഗത്തെത്തിയിരിക്കുകയാണ്.

Loading...

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന 800 എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് പ്രതിഷേധം. തമിഴ് വികാരം ആളിക്കത്തിച്ച് താരത്തിന്റെ മുഴുവൻ ചിത്രങ്ങളും ബഹിഷ്‌കരിക്കണമെന്നാണ് ട്വീറ്റുകളിലെ പ്രധാന ആവശ്യം. 800 എന്ന ചിത്രത്തെയും മുരളീധരനായി അഭിനയിക്കുന്ന വിജയ് സേതുപതിക്കെതിരെയുമാണ് ഒരു വിഭാഗം ആളുകൾ സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് ക്യാമ്പയിനുകൾ ആരംഭിച്ചിരിക്കുന്നത്.

എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ അണിയറയിൽ മുഴുവൻ തമിഴ് സിനിമ രംഗത്തെ പ്രമുഖരാണെന്നിരിക്കെ അനാവശ്യ വിവാദമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ പെട്ട ഒരു താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് കരിയറിൽ ആദ്യമായി 800 വിക്കറ്റുകൾ തികയ്ക്കുന്ന താരമാണ് മുരളി. ഏകദിനത്തിൽ 534 വിക്കറ്റുകളും താരത്തിനുണ്ട്. കൊച്ചി ടസ്‌കേഴ്‌സ് ഉൾപ്പെടെ വിവിധ ഐപിഎൽ ടീമുകളിലും മുരളി കളിച്ചിട്ടുണ്ട്.

#shameonvijaysethupathi എന്ന പേരിൽ ട്വിറ്ററിൽ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിരവധി തമിഴ്മക്കളെ കൊന്നവരാണ് ശ്രീലങ്കക്കാരെന്നും ഇന്ത്യയെ തോൽപിച്ചു ലോകകപ്പ് സ്വന്തമാക്കിയവരാണ് അവരെന്നും അതിനാൽ ഈ കഥാപാത്രം അഭിനയിക്കാൻ നാണമില്ലേ എന്നുമാണ് സമൂഹമാധ്യമങ്ങളിലുടെയുള്ള ചോദ്യം.