വിജേഷ് പിള്ളയുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം; മണിചെയിന്‍ ബിസിനസ് നടത്തിയിരുന്നു

കൊച്ചി. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാന്‍ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ള നാട്ടില്‍ അറിയപ്പെടുന്നത് വിജേ്ഷ് കൊയിലേത്ത് എന്ന പേരില്‍. ആന്തൂര്‍ സ്വദേശിയായ വിജേഷ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തായിട്ടാണ് താമസിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്റെ മൊറാഴയിലെ വീട്ടിന് അടുത്തായിട്ടാണ് വിജേഷിന്റെ കുടുംബവീട്. വിജേഷ് നാട്ടില്‍ മുമ്പ് മണിചെയിന്‍ ബിസിനസ് നടത്തിയിരുന്നു.

ക്ഷേത്രത്തില്‍ ഈ മാസം 23 തന്റെ സിനിമയുടെ പൂജ നടക്കുന്നുണ്ടെന്ന് വിജേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സിപിഎമ്മുമായി വിജേഷിന് നാട്ടില്‍ ബന്ധമില്ലെന്ന് കുടുംബം പ്രതികരിക്കുന്നു. സിപിഎമ്മുമായോ എംവി ഗോവിന്ദനുമായോ മകനു ബന്ധമില്ലെന്ന് വിജേഷിന്റെ പിതാവ് ഗോവിന്ദന്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് മകന്‍ നാട്ടില്‍ എത്തിയത്. സ്വപ്‌ന ഉന്നയിച്ച കാര്യങ്ങള്‍ വിശ്വസിക്കുന്നില്ല. ഏറെ നാളായി മകന് നാടുമായി ബന്ധമില്ലെന്നും പിതാവ് പറയുന്നു.

Loading...

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഒടിടിഎന്ന ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് സ്ഥാപനത്തിന്റെ സിഇഒവാണ് വിജേഷ്. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് സ്ഥാപനം. ഓണ്‍ലൈന്‍ ഒടിടി പ്ലാറ്റ് ഫോം തുടങ്ങിയതായി കൊച്ചിയില്‍ പത്രസമ്മേളനം നടത്തി വിജേഷ് പറഞ്ഞിരുന്നു. കമ്പിനിയുടെ കൊച്ചി ഓഫീസ് വാടക കുടിശിക വരുത്തിയാണ് പൂട്ടിയതെന്ന് കെട്ടിടം ഉടമ പറയുന്നു.