ന്യൂഡല്‍ഹി. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമ്പോള്‍ കള്ളപ്പണം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇഡി അന്വേഷിക്കന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ ഇഡി സമര്‍പ്പിച്ചിട്ടുണ്ട്. പോപ്പിലര്‍ ഫ്രണ്ട് കള്ളപ്പണം മൂന്നാറിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ പേരില്‍ വെളുപ്പിക്കുവാന്‍ നോക്കിയതാണ് ഇതില്‍ ഒരു കേസ്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരെയാണ് ഇഡി കേസ് എടുത്തിരിക്കുന്നത്.
ഹാഥ്രസില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് ഉള്‍പ്പെടുന്നതാണ് മറ്റൊരു കേസ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് സിദ്ദിഖ് കാപ്പനെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നത്. വര്‍ഗീയ കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇയാള്‍ക്കൊപ്പം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട അതികുര്‍ റഹ്മാന്, മസൂദ് അഹമ്മദ്, മുഹമ്മദ് അലം, സിദ്ദിഖ് കാപ്പന് എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളിപ്പിച്ച കുറ്റത്തിന് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കള്ളപ്പണം വെളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാറിലെ വില്ല വിസ്ത പ്രോജക്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൂടി വികസിപ്പിച്ചുവെന്നാണ് കേസ്. അബ്ദുള്‍ റസാഖ് ഗള്‍ഫില്‍ നിന്നും ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഇഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള റഹാബ് ഇന്ത്യ ഫൗണ്ടേഷന് യുഎഇയില്‍ നിന്നും 34 ലക്ഷം രൂപയും എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിക്ക് രണ്ട് ലക്ഷവും നല്‍കിയതായും ഇത്തരത്തില്‍ 19 കോടി രൂപ രാജ്യത്തെക്ക് എത്തിച്ചതായും ഇഡി പറയുന്നു.