മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി, വിനായകന്‍ കുറ്റം സമ്മതിച്ചു, ഒടുവില്‍ ഒത്തുതീര്‍പ്പിന് ശ്രമം

കല്‍പ്പറ്റ: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് വിനായകന് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

യുവതിയോട് ഫോണിലൂടെ മോശമായി സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്വമേധയാ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന്‍ ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം.

Loading...

വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി.

വിനായകനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവതി ആദ്യം രംഗത്തെത്തിയത്. ‘സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ട വിനായകനൊപ്പമല്ല, ജാതീയമായി അധിക്ഷേപിക്കപ്പെട്ട വിനായകനൊപ്പമാണ് ഞാന്‍’ ഫേസ്ബുക്ക് പോസ്റ്റില്‍ മൃദുലദേവി ശശിധരന്‍ വ്യക്തമാക്കി. ‘ജീവിതത്തില്‍ വിനായകന്‍ സ്ത്രീവിരുദ്ധത കാണിച്ചത് നേരിട്ട് അനുഭവമുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും, അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല’-യുവതി പറഞ്ഞിരുന്നു.

പുതിയ സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിനായകന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിനായകനെതിരെ ജാതി അധിക്ഷേപം നടത്തി. തുടര്‍ന്ന് ജാതിഅധിക്ഷേപങ്ങള്‍ നേരിടുന്നവരുടെ മുഖമായി വിനായകനെ അവതരിപ്പിച്ചുകൊണ്ട് സൈബര്‍ലോകത്ത് നിരവധിപ്പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതിയുടെ നിലപാട്

യുവതിയുടെ കുറിപ്പ് ഇപ്രകാരം;

”നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ…”

മൃദുലദേവി ശശിധരന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. മൃദുലദേവി ശശിധരന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക രേഖ രാജ്, വിനായകന്‍ സ്വയം പരിഷ്‌ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകന്‍ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദിനു വെയില്‍ പറയുന്നു. മൃദുലദേവിക്ക് ഐക്യദാര്‍ഢ്യവുമായി സൈബറിടത്തില്‍ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.