അതേടാ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’ ജോജുവിന് പിന്തുണയുമായി വിനായകന്‍

ജോജുവിന്റെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്താ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ തന്റെ പിന്തുണ അറിയിച്ചത്. രോഗികള്‍ അടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കികൊണ്ടുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിനോട്, കാശുണ്ടായിട്ടാണ് പ്രതികരിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞിരുന്നു. ഇതിന് ജോജു നല്‍കിയ മറുപടിയാണ് വിനായന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ‘അതേടാ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’ എന്നായിരുന്നു ജോജുവിന്റെ മറുപടി.

ജോജുവിനെ അക്രമിയെന്ന് വിശേഷിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണനും രംഗത്തെത്തി. ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തതിലും സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്‌ബോള്‍ അതിന് വൈകാരികമായ തലമുണ്ട്.

Loading...

അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ ‘ഗുണ്ട’ എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കുകയായിരുന്നു.