വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റ് അറസ്റ്റില്‍

തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റ് അറസ്റ്റില്‍. വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എംഎൽഎ ഹോസ്റ്റലിൽവച്ച് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാൻ ഇദ്ദേഹത്തെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം, എം. വിൻസന്റ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകി.

പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ച് ചോദ്യം ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. മാസങ്ങളായി ഇവർ ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഒാഫിസ് അറിയിച്ചു.