കൊവിഡ് രോഗികൾ പൊതുഇടങ്ങളിൽ ഇറങ്ങി നടന്നു: കായംകുളത്ത് കർശന ജാഗ്രത

ആലപ്പുഴ: കൊവിഡ് ബാധിതരായ രോഗികൾ ക്വാറന്റൈൻ പാലിക്കാതെ പൊതുഇടങ്ങളിൽ എത്തിയതിനെ തുടർന്ന് കായംകുളത്ത് കർശന ജാഗ്രത. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെവേ 63 കാരന്‍‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാനാണ് മകന്‍റെ ഒപ്പം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചെന്നിത്തല സ്വദേശിയായ 63 കാരനും മകനുമാണ് നഗരത്തിൽ എത്തിയത്. ഇവരുടെ സ്രവപരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നു. 14 ദിവസത്തിന് ശേഷം വീണ്ടും സ്രവം പരിശോധനക്ക് വിട്ടു. ഇതിന്‍റെ ഫലം വരുന്നതിന് മുമ്പാണ് ഇവര്‍ നഗരത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് എത്തിയ അച്ഛനും മകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇരുവരും ചെന്നിത്തലയിൽ നിന്നും കായംകുളംആശുപത്രിയിലെത്തിയത് സ്വകാര്യ ആംബുലൻസിലാണ്. എന്നാൽ, ഇവര്‍ തിരികെ പോയത് ഓട്ടോറിക്ഷയിലാണ്. പോകുംവഴി വഴി കടകളിലും മറ്റും കയറിയത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇതോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവർ, ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടർ എന്നിവർ നിരീക്ഷണത്തിൽ പോയി. കായംകുളത്തെ ഇറച്ചി മാർക്കറ്റും പരിസരത്തെ കടകളും അടക്കാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.

Loading...

‍കൊവിഡ് രോഗികളുടെ റൂട്ടുമാപ്പ് വന്നതിന് ശേഷമേ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. അതേസമയം ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ പ്രവൃത്തിക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭപരിപാടികൾ ആരംഭിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടുകയും കൂടി ചെയ്യുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും എന്നത് കൂടി കണക്കിലെടുത്താണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.