താല്‍ക്കാലിക ജീവനക്കാരിയുടെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു, ഗുരുവായൂര്‍ നഗരസഭയിലെ കൗണ്‍സിലറുടെ കുറിപ്പ്, ഇങ്ങനെയും ഉദ്യോഗസ്ഥരോ എന്ന് സോഷ്യല്‍ മീഡിയ

പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് സാധാരണക്കാര്‍ക്ക് അത്ര പിടിക്കാറില്ല. കാരണം മറ്റൊന്നുമല്ല ഇവരുടെ പെരുമാറ്റം തനന്നെയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സാധരണക്കാരോട് വളരെ മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പൂക്കോട് സോണല്‍ ഓഫീസില്‍ എത്തിയപ്പോള്‍ നേരിട്ട് കണ്ട ഒരു സംഭവത്തെ കുറിച്ചാണ് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേര്‍ ഇവിടെ ഓവര്‍സിയറെ കാണുവാനായി ക്യൂ നില്‍ക്കുകയായിരുന്നു. ആ സമയത്ത് പര്‍ദ്ദയിട്ട ഒരു സ്ത്രീ അപേക്ഷയുമായി അവിടെ എത്തി, അപേക്ഷ വാങ്ങി വച്ചശേഷം ഫീസ് അടയ്ക്കാന്‍ ഓവര്‍സിയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പേഴ്‌സില്‍ നല്‍കാന്‍ വേണ്ട പണം ഇല്ലാത്തതിനാല്‍ നാളെ കാശുമായി വരാം എന്ന് പറഞ്ഞ് അപേക്ഷക തിരിച്ചു പോകാന്‍ തുടങ്ങവേ ‘അതിനെന്താ.. കാഷ് ഞാന്‍ തരാം. നിങ്ങള്‍ ഫീസ് അടച്ചോളൂ’ എന്ന് ഓവര്‍സിയര്‍ പറഞ്ഞുവെന്നാണ് ബഷീര്‍ കുറിച്ചു. ആതിര എന്നാണ് താത്കാലിക ഉദ്യോഗസ്ഥയുടെ പേരെന്നും കൗണ്‍സിലര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

Loading...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഇന്ന് പൂക്കോട് സോണല്‍ ഓഫീസില്‍ രാവിലെ എത്തിയതായിരുന്നു ഞാന്‍. നല്ല തിരക്കുണ്ട് ഓഫീസില്‍. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍. ഓവര്‍സിയര്‍മാരെ കാണാന്‍ ഫയല്‍ സമര്‍പ്പിക്കാനും എത്തിയവര്‍ ക്യൂ നില്‍ക്കുന്നു. എനിക്ക് കാണേണ്ട വ്യക്തി പുറത്തു പോയിരുന്നതുകൊണ്ട് ഞാനവിടെ കാത്തിരുന്നു. അതിനിടയിലാണ് പര്‍ദ്ദയിട്ട ഒരു സ്ത്രീ അവരുടെ ഫയലുമായി കടന്നുവന്നത്. ഫയല്‍ സമര്‍പ്പിച്ച് ഫീസ് അടക്കാന്‍ ഓവര്‍സിയര്‍ ആവശ്യപ്പെട്ടു. പേഴ്‌സ് തുറന്ന് നോക്കിയ അവര്‍ വിളറി വെളുത്തു. അവരുടെ പരിഭ്രമം കണ്ട ഓവര്‍സിയര്‍ കാര്യം തിരക്കി. ‘പൈസ എടുത്തില്ല മാഡം. ഞാന്‍ നാളെ വരാം’ അവര്‍ പറഞ്ഞു.

‘അതിനെന്താ.. കാഷ് ഞാന്‍ തരാം. നിങ്ങള്‍ ഫീസ് അടച്ചോളൂ’ ഓവര്‍ സിയര്‍ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ബാഗില്‍നിന്ന് പണമെടുത്ത് കൊടുത്തപ്പോള്‍ ആ സ്ത്രീയുടെ കണ്ണുനിറഞ്ഞത് ഞാന്‍ കണ്ടു. ഗവ.ഓഫീസുകള്‍ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നതാണ് എന്ന പൊതുപരാതി നില നില്‍ക്കേ *ആതിര* എന്ന ഈ താല്‍ക്കാലിക ജീവനക്കാരിയുടെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു. ആതിര മാത്രമല്ല വിവിധ ഓഫീസുകളില്‍ ഇതുപോലെ നല്ല മനസ്സുള്ള നിരവധിപേരുണ്ട്. തങ്ങള്‍ക്ക് കിട്ടിയ ജോലി പൊതുജനങ്ങളെ സേവിക്കാനാണ് എന്ന തിരിച്ചറിവുള്ളവര്‍. ഒരു നോക്ക് കൊണ്ട്, നല്ല വാക്ക് കൊണ്ട്, ഒരു പുഞ്ചിരികൊണ്ട് മനസ്സു നിറയ്ക്കാന്‍ കഴിവുള്ളവര്‍. അപൂര്‍വ്വം ചിലര്‍മാത്രമാണ് പുഴുക്കുത്തുകള്‍. തങ്ങള്‍ക്ക് കിട്ടിയ ജോലി മാടമ്പിത്തരമായി കരുതി അഹങ്കരിക്കുന്നവര്‍. നമ്മുടെ നാടിനെ പുറകോട്ട് വലിക്കുന്നവര്‍ അവരാണ്.

ബഷീര്‍ പൂക്കോട്

കൗണ്‍സിലര്‍

ഗുരുവായൂര്‍ നഗരസഭ