കൊറോണ ബാധിച്ച മലയാളി ദമ്പതിമാര്‍ ഇറ്റലിയില്‍ നിന്നും പറയുന്നത്

കോറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതയ്ക്കുകയാണ്. കേരളത്തിലും സമാന അനുഭവമാണ്. ഓരോ ദിവസം കഴുയുമ്പോളും സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടി വരികയാണ്. ഇറ്റലിയിലാണ് വൈറസ് ബാധിച്ച് ഏറ്റവും അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ ഇറ്റലിയില്‍ ഉള്ള ഒരു മലയാളി യുവാവ് പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്. ഇറ്റലിയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ടിനു എം സിമി എന്ന യുവാവാണ് തനിക്കും ഭാര്യയ്ക്കും കൊറോണ പിടിപെട്ടുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്തെ ഓള്‍ഡ് ഏജ് ഹോമിലെ ജീവനക്കാരാണ് ടിനുവും ഭാര്യയും. കെയര്‍ ഹോമിലെ ഒരു ഹാര്‍ട്ട് പേഷ്യന്റുമായി നിരന്തരമുണ്ടായ സമ്പര്‍ക്കമാണ് ഇരുവര്‍ക്കും കൊറോണ സമ്മാനിച്ചത്.

കൊറോണയെ കുറിച്ച് ടിനു പറയുന്നത് ഇങ്ങനെ;

Loading...

അത്ര അപകടകാരിയല്ലാത്ത കൊറോണ പിടിപെടും മുമ്പ് തന്നെ ഹൃദയസ്തംഭനം വന്ന് അടിച്ചു പോകും എന്നതാണ് ഇപ്പോള്‍ പലരുടെയും സ്ഥിതി. അത്രയ്ക്കാണ് പുറത്തു പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്നും ഉണ്ടാവുന്ന ആശങ്ക. പലര്‍ക്കും നേരിട്ട് അറിയാവുന്ന കൊറോണ രോഗികള്‍ എന്ന നിലയില്‍ വളരെ ആശങ്കയോടെയാണ് എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഞങ്ങള്‍ നാലും വളരെ സുഖമായും ഹാപ്പിയായും വീട്ടിനുള്ളില്‍ ഇരിക്കുന്നു. ആരോഗ്യസ്ഥിതി വിലയിരുത്തിയ ഡോക്ടര്‍ ഹോസ്പിറ്റലൈസ് ചെയ്യേണ്ട ഒരാവശ്യവും ഇല്ലെന്നും ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും തൃപ്തികരമാണെന്നും ഹോം ഐസൊലേഷന്‍ മാത്രം മതിയെന്നും അറിയിച്ചിരുന്നു. ആയിരക്കണക്കിന് രോഗികള്‍ ഈ വിധം ഒരു മരുന്നിന്റെയും ആവശ്യമില്ലാതെ വീട്ടില്‍ ഏര്‍പ്പെടുത്തിയ ഐസൊലേഷനില്‍ കഴിഞ്ഞു സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിലോ ശരീരം വീക്ക് ആകുകയോ ചെയ്‌തെങ്കില്‍ മാത്രമേ മെഡിക്കല്‍ സഹായത്തിന്റെ ആവശ്യമുള്ളൂ.

ഞങ്ങള്‍ രണ്ടിനും കൊറോണ തന്ന ആ പെഷ്യന്റ് രണ്ടു മൂന്നു ദിവസം മുന്‍പ് മരിച്ചു പോയ വിവരം ഇന്നലെയാണ് അറിഞ്ഞത്. എന്നിട്ടും യാതൊരു പേടിയുമില്ലാതെ ഞങ്ങള്‍ ഇവിടെ സിനിമയും കണ്ട് ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെ വച്ച് കഴിച്ച് പിള്ളേരുടെ കൂടെ സാറ്റും കളിച്ചു (കുറെ ആഴ്ച്ചകളായി വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന അവര്‍ക്കും വേണ്ടേ ഒരു എന്റര്‌ടെയിന്മെന്റ്) കഴിയുകയാണ്. കൂട്ടത്തില്‍ ഒരുപാട് ഫോണ്‍ കോളുകള്‍ക്കും മറുപടി കൊടുക്കുന്നുണ്ട്. (സത്യത്തില്‍ ഇത് ഒഴിവാക്കേണ്ടതാണ്, ശ്വസന സംവിധാനത്തിന് വിശ്രമം അത്യാവശ്യമായ ഒരു സമയമാണ് ഇപ്പോള്‍).

മരിച്ചു പോയ പെഷ്യന്റ് ഏകദേശം 85 വയസ് പ്രായമുള്ള കാര്‍ഡിയാക് പ്രശ്‌നങ്ങള്‍ ഉള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് പോയ ഞങ്ങളുടെ 4 സഹപ്രവര്‍ത്തകര്‍ക്കും കൊറോണ ബാധയേറ്റിട്ടുണ്ട്. അവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ മരുന്നുമില്ല ഹോസ്പിറ്റലൈസും ചെയ്തിട്ടില്ല. മേല്‍പ്പറഞ്ഞ പേഷ്യന്റ് ഐസൊലേറ്റഡ് ആയിരുന്നെങ്കിലും സ്ഥിരമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന കാര്‍ഡിയാക് ഡിസീസിന്റെ ഫലമായി ഉണ്ടായ ശ്വാസതടസം എന്ന മട്ടില്‍ ആദ്യത്തെ രണ്ടു ദിവസം കൈകാര്യം ചെയ്തതാണ് കുഴപ്പം ചെയ്തത്.

‘നഴ്‌സുമാരേ ബീ കെയര്‍ഫുള്‍, ഈ മോശമായ സീസണില്‍ വരുന്ന എന്തസുഖവും കൊറോണ ആവാമെന്ന മുന്‍വിധിയോടെ തന്നെ പേഷ്യന്റിനെ സമീപിക്കുക.’ കണക്ക് പ്രകാരം ഞങ്ങള്‍ ഇന്‍ഫക്ടഡ് ആയിട്ട് 8 ദിവസത്തോളം ആയിട്ടുണ്ട്. ആദ്യത്തെ 4 ദിവസം ചുമ, പനി, ശ്വാസം മുട്ടല്‍ അത്യാവശ്യം നന്നായി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇടക്കിടെ മാത്രം വന്നുപോകുന്ന ഒരു അതിഥി ആയിട്ടുണ്ട് അവ. ആരോഗ്യമുള്ള ശരീരത്തില്‍ കൊറോണക്ക് ഏല്‍പ്പിക്കാന്‍ കഴിയുന്ന ആഘാതം വളരെ ചെറുതാണ് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. വൈഫിന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയും എനിക്ക് വൈകിട്ടുമാണ് രോഗലക്ഷണങ്ങള്‍ പുറത്തു കാണിച്ചു തുടങ്ങിയത്. അതിനും 45 ദിവസം മുമ്പാണ് അനുമാനം അനുസരിച്ച് കൊറോണ പൊസിറ്റിവ് ആയ ആ പേഷ്യന്റിന്റെ അടുത്ത് തുടര്‍ച്ചയായി 3 ദിവസം പോയത്.

നിലവില്‍ കഴിക്കാന്‍ മരുന്നുകള്‍ ഒന്നുമില്ല. പനിയോ തലവേദനയോ ബോഡി പെയിനോ വന്നാല്‍ പാരസിറ്റമോള്‍ എടുക്കും. ധാരാളം വെള്ളം കുടിച്ചും, രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിന്‍ സി ലഭിക്കുന്ന ഓറഞ്ച്, കിവി, കാരറ്റ് മുതലായവ നല്ലതുപോലെ കഴിച്ചും, വീടിനകം വലിച്ചു വാരിയിട്ട് അലമ്പാക്കുന്ന കുഞ്ഞിപ്പിള്ളേരെ ഭീഷണിപ്പെടുത്തിയും യൂ ട്യൂബില്‍ കോമഡി പരിപാടികള്‍ കണ്ടും തള്ളി നീക്കുന്നു ഈ കൊറോണക്കാല ജീവിതം