എന്താണ് ഞാനുംഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും ചെയ്യുക?… ;തകർന്ന വീടിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ്

കോതമം​ഗലം: പ്രളയം തൊട്ടടുത്തെത്തി തകർത്തു കളഞ്ഞ വീടിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി കവിയും മാധ്യമപ്രവർത്തകനുമായ അക്ബർ. എറണാകുളം ജില്ലയിലെ നേര്യമം​ഗലത്താണ് അക്ബറും കുടുംബവും താമസിക്കുന്നത്. കഴി‍ഞ്ഞ ആഴ്ചയിലെ പ്രളയത്തിനും കനത്ത മഴയ്ക്കും ശേഷം വീടും തറയും പലയിടങ്ങളിലായി വീണ്ടു കീറുന്ന അവസ്ഥയാണെന്ന് അക്ബർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദേശീയ പാതയുടെ ഓരത്ത് പുറമ്പോക്കിലാണ് അക്ബറിന്റെ കുടുംബം താമസിക്കുന്നത്. അടിമാലിയിലെ മീഡിയാനെറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് അക്ബർ ജോലി ചെയ്യുന്നത്.

ഉമ്മയും ‍ഞാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. എങ്ങോട്ട് പോകും എന്നതിനെക്കുറിച്ച് ഒരു ധാരണയില്ല. വാടക വീട് എടുക്കാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. ഏത് നിമിഷവും തകർന്ന് വീഴാമെന്ന അവസ്ഥയിലാണിപ്പോൾ വീട്. പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിട്ടുണ്ട്. അവർ ഇവിടെ നിന്ന് മാറിത്താമസിക്കാൻ പറഞ്ഞെങ്കിലും അതിനുള്ള അവസ്ഥയല്ല. ഞാനും കുടുംബവും എന്ത് ചെയ്യും? അക്ബർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആകപ്പാടെ ദേശീയപാത-85ന്റെ ഓരത്ത് പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന വീടും തകര്‍ച്ചയുടെ വക്കില്‍. കനത്ത മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസ്സവും വിണ്ടു കീറുകയാണ്. യാതൊരു സമ്പാദ്യവുമില്ലാതെ, എവിടെ പോകും എന്നറിയില്ല. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷ നല്‍കി. വീട് വാസ യോഗ്യമല്ലെന്നാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തല്‍. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. ജീവിതത്തില്‍ വീണ്ടും വീണ്ടും നിരാശ മാത്രം. … എന്താണ് ഞാനുംഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും ചെയ്യുക?…