‘എത്ര മനോഹരമാണീ ചിത്രം’; കൗതുകമുണര്‍ത്തി ഗുരുദ്വാരയിലെ മോഡി-മന്‍മോഹന്‍സിങ് കണ്ടുമുട്ടല്‍ കാഴ്ചകള്‍

ന്യൂഡല്‍ഹി : രാജ്യം കാതോര്‍ത്തിരിക്കുന്ന അയോധ്യാ വിധിയ്ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തമ്മിലുള്ള കൂട്ടിമുട്ടല്‍ വൈറലാകുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനിടെയുള്ള അപ്രതീക്ഷിത ക്ലിക്കാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന ചിത്രത്തില്‍ സിഖ് തലപ്പാവാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. മോഡി ഓറഞ്ച് നിറത്തിലും മുന്‍മോഹന്‍സിങ് നീല നിറത്തിലുള്ള തലപ്പാവുമാണ് അണിഞ്ഞിരുന്നത്.

Loading...

ഇരുവരും പരസ്പരം കൈകള്‍ കോര്‍ത്തു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ ട്രന്റിങാണ്.
നിരവധിപ്പേരാണ് ‘എത്ര മനോഹരം ഈ ചിത്രം’ എന്ന കുറിപ്പോടെ ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അയോധ്യകേസ് വിധിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ വൈറലായത് ‘ഹിന്ദു മുസ്ലീം ഭായ് ഭായ്’ ഹാഷ്ടാഗ്. 12,000 ലേറെ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. ഇരു മതസ്ഥരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസിനെ ആര്‍ക്കും വിഭജിക്കാനാകില്ലെന്നുമുള്ള നിരവധി പോസ്റ്റുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

പുറത്തു വരാനിരിക്കുന്ന അതിവൈകാരികമായ വിധിയെ മുന്‍ നിര്‍ത്തി കനത്ത സുരക്ഷയാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടെയാണ് സഹോദര്യത്തിന്റെ സന്ദേശം നിറയുന്ന ‘ഹിന്ദു മുസ്ലീം ഭായ് ഭായ്’ എന്ന ഹാഷ്ടാഗ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാജ്യം അയോധ്യവിധിയ്ക്ക് കാതോര്‍ത്തിരുന്നപ്പോള്‍ ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരില്‍ എത്തിയത്. ഗുരുദാസ്പൂര്‍ എം.സി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

കര്‍താപൂര്‍ ഇടനാഴിയുടെ ഉത്ഘാടനം ഇന്ത്യയില്‍ നരേന്ദ്രമോഡിയും പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനുമാണ് നടത്തുന്നത്. അഞ്ഞൂരിലേറെ അംഗങ്ങളടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. 4.5 കിലോമീറ്റര്‍ നീളമാണ് കര്‍താപൂര്‍ ഇടനാഴിക്ക് ഉള്ളത്.

സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസിലെ തീര്‍പ്പ് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് യുപിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റീസ് നേരിട്ട് വിലയിരുത്തുന്ന അത്യപൂര്‍വ്വ സാഹചര്യവും ഈ കേസില്‍ ഉണ്ടായി.

നേരത്തേ വിധിക്ക് മുന്നോടിയായി ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയും ഭീകരവിരുദ്ധ സ്‌ക്വാഡും കേന്ദ്ര സേനയുമൊക്കെയായി ഏതാനും ദിവസങ്ങളായി അയോധ്യയും ഉത്തര്‍പ്രദേശും കനത്ത സുരക്ഷാവലയത്തിലാണ്.

വര്‍ഗീയകലാപവും ഭീകരാക്രമണവും വരെ നേരിടാനുള്ള ഒരുക്കത്തിലാണു സുരക്ഷാ ഏജന്‍സികള്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമുണ്ട്.