പ്രധാന വൈറസ് രോഗങ്ങളുടെയെല്ലാം ഉറവിടം മൃഗങ്ങള്‍

കോറോണ, നിപ, എബോള, സിക എന്നിവയാണ് സമീപകാലത്ത് ഭീതിപ്പെടുത്തിയ വൈറസ് രോഗങ്ങള്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന വൈറസ് രോഗങ്ങളുടെയെല്ലാം ഉറവിടം മൃഗങ്ങളെന്നാണ് കണ്ടെത്തല്‍.

മനുഷ്യര്‍ കൂടുതലായി വന്യമൃഗങ്ങളുമായി ഇടപഴകുന്ന പ്രദേശങ്ങള്‍, വന്യമൃഗങ്ങളുടെ ഇറച്ചി ഭക്ഷണമായി ഉപയോഗിക്കുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം അസുഖങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാധാരണ വൈറസുകള്‍ ഉണ്ടാക്കുന്ന അസുഖങ്ങളേക്കാള്‍ മാരകമായാകും ഇവ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുക. കാലം ചെല്ലുമ്ബോള്‍ ഈ വൈറസുകള്‍ക്ക് ജനിതക പരിണാമം വരാം. ചിലത് കൂടുതല്‍ തീവ്രമാകും, ചിലത് നിര്‍വീര്യമാകും.
മൃഗങ്ങളില്‍ നിന്നും പകരുന്ന വൈറസുകള്‍ കൂടുതല്‍ അപകടകാരികളെന്ന് വൈറോളജി രംഗത്തെ വിദഗ്ധര്‍. ഇത്തരം വൈറസുകള്‍ മനുഷ്യശരീരത്തില്‍ ശക്തമായി പ്രതികരിക്കുന്നവയാണ്. ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനുളള സാധ്യതയുളളതിനാല്‍ ജാഗ്രത തുടരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു,

Loading...

കൂടിയ താപനിലയില്‍ വ്യാപന സാധ്യത കുറവാണ് കൊറോണ വൈറസിനുള്ളത്. അത് സംസ്ഥാനത്തിന് അനുകൂലമാണ്. നിപ രണ്ടുവര്‍ഷം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതുപോലെ കൊറോണ വീണ്ടും വരാനുളള സാധ്യത പൂര്‍ണ്ണമായും തളളിക്കളയാനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഇപ്പോൾ നമ്മെ ആശങ്കയിലാഴ്‌ത്തുന്ന നോവൽ കോറോണ (2019-nCov) എന്ന വൈറസ്‌ കേരളത്തിൽ സ്‌ഥിരീകരിച്ചിരിക്കുന്നു.

നമ്മൾ സൂക്ഷിക്കേണ്ടത്‌ എന്തെല്ലാമാണ്‌?

* കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ വാട്ട്‌സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്‌. തൊണ്ട സദാ നനഞ്ഞിരുന്നാൽ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന്‌ യാതൊരു ശാസ്‌ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട്‌ പോയി എന്ന്‌ മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂർണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുൻകരുതലുകളും അപ്‌ഡേറ്റുകളും തരാൻ ഇവിടെ സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്‌. അതിനായി കാതോർക്കുക.

* ഭയക്കേണ്ട സമയമല്ല, മറിച്ച്‌ ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്‌.

* ചൈനയിലേക്ക്‌ ഈയിടെ യാത്ര ചെയ്‌തിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാൽ ഒട്ടും വൈകിക്കാതെ ഡോക്‌ടറെ അറിയിക്കുക.

* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം ‘എനിക്കൊരു കുഴപ്പവുമില്ല, ഞാൻ പുറത്തിറങ്ങും’ എന്ന്‌ പറഞ്ഞ്‌ ഇറങ്ങി നടക്കുന്നതല്ല, ‘എന്നിലൂടെ ആരും രോഗിയാകരുത്‌’ എന്ന്‌ തീരുമാനിച്ച്‌ സ്വയം നിയന്ത്രണങ്ങൾ സൂക്ഷിക്കുന്ന വ്യക്‌തിയാണ്‌ യഥാർത്ഥത്തിൽ ഹീറോ എന്ന്‌ മനസ്സിലാക്കുക.

* ഇത്തരത്തിൽ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള ‘രോഗിയും’ ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലും നേരത്തേ തിരിച്ചറിഞ്ഞ്‌ ഊർജിതമായ ചികിത്സ തുടങ്ങുന്നതിന്‌ കൂടി സഹായകമാണ്‌ ഈ രീതി. രോഗാണു ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ പുറത്ത്‌ വരാൻ എടുക്കുന്ന സമയത്തിന്‌ ഇൻകുബേഷൻ പിരീഡ്‌ എന്നാണ്‌ പറയുന്നത്‌. കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത്‌ ഇരുപത്തെട്ട്‌ ദിവസമാണ്‌. അത്രയും ദിവസം രോഗം സംശയിക്കുന്ന ആളെ മാറ്റി നിർത്തുന്നതിന്‌ ക്വാറന്റൈൻ എന്ന്‌ പറയുന്നു. ഇത്‌ ആ വ്യക്‌തി രോഗിയെങ്കിൽ കൂടുതൽ പേരിലേക്ക്‌ പടരാതിരിക്കാനാണ്‌. ഇത്‌ ലോകമെങ്ങുമുള്ളതാണ്‌, മുൻകരുതൽ മാത്രമാണ്‌..

* ക്വാറന്റൈനിലുള്ള വ്യക്‌തി തനിച്ച്‌ ഒരു റൂമിലാണ്‌ കഴിയേണ്ടത്‌. അയാൾ ഉപയോഗിച്ച വസ്‌തുക്കൾ മറ്റു കുടുംബാംഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ്‌ ഈ വ്യക്‌തി കഴിയേണ്ടത്‌. വികാരത്തിനല്ല വിവേകത്തിനാണ്‌ നമ്മൾ ഈ ദിനങ്ങളിൽ മുൻതൂക്കം കൊടുക്കേണ്ടത്‌. കുറച്ച്‌ ദിവസങ്ങളുടെ മാത്രം കാര്യമാണ്‌, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

* നവമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പോലെ മത്‌സ്യമോ മാംസമോ വേവിച്ച്‌ കഴിച്ചാൽ കൊറോണ വൈറസ്‌ വരില്ല. പാലും മുട്ടയും ഉൾപ്പെടെ മൃഗങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളെല്ലാം നന്നായി വേവിച്ച്‌ കഴിക്കുന്നതിൽ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.

* തുമ്മലോ ചുമയോ ഉള്ളവർ കൈമുട്ടിനകത്തേക്ക്‌ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുക. കർച്ചീഫിന്‌ പകരം ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പർ വേസ്‌റ്റ്‌ ബാസ്‌ക്കറ്റിൽ കളയുക. കൈ നന്നായി സോപ്പിട്ട്‌ കഴുകുക.