അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിയാക്കി

സൗദി: അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് നേരത്തെ വിധിച്ച അഞ്ച് വര്‍ഷം ശിക്ഷ അപ്പീല്‍ കോടതി പത്തുവര്‍ഷമാക്കി . പുതുക്കിയ വിധിയില്‍ 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.

സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. പ്രവാചകനെയും ഇസ്ലാമിനെയും സൗദിയിലെ നിയമ സംവിധാനങ്ങള്‍ക്കെതിരെയും ഇയാള്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു.

Loading...

നിലവില്‍ ഒരു വര്‍ഷത്തോളമായി വിഷ്ണു ദേവ് ജയിലില്‍ കഴിയുകയാണ്. വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൌരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ കോടതി ശിക്ഷ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. വിഷ്ണു ദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കുമായിരുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തലവന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുസ്ലിം അല്ലാത്തത് കൊണ്ട് ശിക്ഷയില്‍ ചെറിയ ഇളവ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.