സമ്ബദ്‌സമൃതിയുടേയും സമാധാനത്തിന്റെയും സന്ദേശം നല്‍കി ഒരു വിഷു കൂടി…

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്.

Loading...

ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും. പിന്നെ, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധി ഒന്നാകെ ഒറ്റക്കാഴ്ചയിലൊരുക്കി മനസ് നിറച്ച ഓരോ വീട്ടിലും കണിയൊരുങ്ങി. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പ്പം. പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ കുട്ടികള്‍ കാത്തു നില്‍ക്കും.