എന്റെ കുട്ടിയെ ഞാൻ കളിഞ്ഞിട്ടില്ല, മോളുടെ കരച്ചിൽ കേട്ട് അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു; വിസ്മയയുടെ അച്ഛൻ

കഴിഞ്ഞ ദിവസം വിസ്മയയുടെ ശബ്ദസന്ദേശം ചർച്ചയായതോടെ മലയാളികൾ ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്. വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാതിരുന്നത് ?കൊല്ലം നിലമേലിൽ കൊല്ലപ്പെട്ട വിസ്മയ അച്ഛൻ ത്രിവിക്രമൻ നായർക്ക് അയച്ച ശബ്ദസന്ദേശമായിരുന്നു അത്. ‘എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവർ ഒരുപാട് മർദിക്കുന്നുണ്ട്’. ഞെട്ടലോടെയും കണ്ണീരോടെയുമല്ലാതെ ആർക്കും അത് കേട്ട് നിൽക്കാനാകുമായിരുന്നില്ല. മകളെ തിരിച്ചു കൊണ്ടുവന്നിരുന്നുവെങ്കിൽ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ ? സമൂഹത്തിന്റെ ഈ ചോദ്യത്തോട് ഉത്തരം പറയുകയാണ് അച്ഛൻ ത്രിവിക്രമൻ നായർ.

‘ ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര. വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല’- വിസ്മയയുടെ അച്ഛൻ പറഞ്ഞു.

Loading...

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം.