കണ്ണൂരില്‍ ഒന്നര വയസുകാരന്റെ മരണത്തിന് പിന്നില്‍ അച്ഛനോ അമ്മയോ, പരസ്പരം കുറ്റം ചാരി ഇരുവരും

കണ്ണൂര്‍ : കണ്ണൂര്‍ തയ്യില്‍ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടിയെ മാതാപിതാക്കളില്‍ ഒരാള്‍ കൊല ചെയ്തതാണെന്ന് വ്യക്തമായി. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ തല കരിങ്കല്ലിലോ മറ്റോ ഇടിച്ച് മരണം ഉറപ്പാക്കിയ ശേഷം കടലില്‍ തള്ളുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂര്‍ തയ്യില്‍ കൂര്‍മ്പക്കാവിന് സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസില്‍ പ്രണവിന്റെയും മകന്‍ ഒന്നരവയസ്സുള്ള പൊന്നൂസ് എന്നുവിളിക്കുന്ന വിയാന്റെ മൃതദേഹം ആയിരുന്നു കടല്‍ തീരത്ത് നിന്നും കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരും പരസ്പരം കുറ്റം ചാരുകയാണ്. താനല്ല കുട്ടിയെ അപായപ്പെടുത്തിയത് ഭര്‍ത്താവ് ആണെന്ന് ഭാര്യയും ഭാര്യ ആണെന്ന് ഭര്‍ത്താവും പറയുകയാണ്. ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ അച്ഛനാകും കൊല നടത്തിയതെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.

Loading...

പ്രതി ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കും എന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. പുലര്‍ച്ചെയാണ് സംഭവം നടന്നത് നടന്നത്. അതിനാല്‍ പ്രതികളുടെ വസ്ത്രത്തില്‍ കടലിലെ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകും. ഇത് തിരിച്ചറിയാനായി മാതാപിതാക്കളുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മാതാപിതാക്കളോടൊപ്പം രാത്രി കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ വീടിനു സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരയടിച്ചു കയറാതിരിക്കാന്‍ കരയോടുചേര്‍ന്ന് കൂട്ടിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. രാത്രി വൈകി കുഞ്ഞിന് പാല്‍കൊടുത്തിരുന്നതായും, പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്നും ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി. കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂര്‍ സിറ്റി സ്‌റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.

പരാതിയില്‍ കേസെടുത്ത പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇവര്‍തമ്മില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

അതേസമയം പ്രണവ് – ശരണ്യ ദമ്പതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. പ്രണവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തിനിടയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകളുണ്ട്.

പ്രണവും ശരണ്യയും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കണ്ണൂര്‍ സിറ്റി പൊലീസ് പറഞ്ഞു. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ഇയാളാണ് ആദ്യം പരാതി നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്‌