നീ കൂടി വന്നാല്‍ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം, സുഹൃത്തിനെ വിയ്യൂര്‍ ജയിലിലേക്ക് ക്ഷണിച്ച് ജയില്‍പ്പുള്ളിയുടെ കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്താണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ജയിലിലെ സൗകര്യങ്ങളും മറ്റ് വിവരങ്ങളും എല്ലാ വിശദീകരിച്ചാണ് കത്ത്. സുഹൃത്ത് കൂടി എത്തിയാല്‍ തങ്ങള്‍ക്ക് അടിച്ച് പൊളിക്കാമെന്നാണ് കത്തില്‍ ഉള്ളത്.

”അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനേക്കാള്‍ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വര്‍ഗമാ ബ്രോ സ്വര്‍ഗം. വിലകൂടിയ ടൈലുകള്‍ പതിച്ച അറ്റാച്ച്ഡ് മുറികള്‍. ആഹാരം കഴിക്കാന്‍ ഡൈനിംഗ് ടേബിളുകള്‍, വാഷ് ബേസിന്‍. കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ ക്യൂനില്‍ക്കേണ്ട. ഉറങ്ങാന്‍ കട്ടില്‍. വീട്ടില്‍പോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലര്‍ച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്‌ബോളുള്‍പ്പെടെ കളികള്‍. വിശാലമായ ലൈബ്രറി. അവിടത്തെപ്പോലെ ആരുടെയും ക്രോസും മുറയുമൊന്നുമില്ല. റൂമെല്ലാം കാലി. എല്ലാവരും ഹാപ്പിയാണ്. നീ കൂടി വന്നാല്‍ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം’.- ഇതായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

Loading...

കടുത്ത സുരക്ഷയാണെങ്കിലും ജയിലിനുള്ളിലെ സ്വാതന്ത്ര്യമാണ് തടവുപുള്ളികള്‍ക്ക് ഇടയില്‍ വിയ്യൂര്‍ ജയില്‍ പ്രിയങ്കരമാക്കുന്നത്. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ ഓപ്പണ്‍ ചെയ്തശേഷം അവിടത്തെ സൗകര്യങ്ങളും സ്വാതന്ത്ര്യവും വിവരിച്ച് തടവുകാരായ നിരവധി പേരാണ് കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലെ അടുപ്പക്കാര്‍ക്ക് കത്ത് അയയ്ക്കുന്നത്. തടവുകാര്‍ക്കുള്ള കത്തുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പൊട്ടിച്ച് വായിച്ച് നോക്കിയശേഷമേ നല്‍കാറുളളൂ എന്നത് കൊണ്ട് വിയ്യൂരിലേക്ക് ക്ഷണിച്ച് സുഹൃത്തുക്കള്‍ അയയ്ക്കുന്ന കത്ത് പലരും അറിയുന്നില്ല.

സുരക്ഷയില്‍ മാത്രമല്ല സൗകര്യങ്ങളിലും വിയ്യൂര്‍ ജയില്‍ മുന്‍പന്തിയിലാണ്. വിദേശങ്ങളിലേതുപോലെ വിശാലമായ സെല്‍മുറികളില്‍ സൗകര്യങ്ങളുടെ ധാരാളിത്തം. വൃത്തിയും വെടിപ്പും. മതിയായ വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികള്‍. സദാ തുറന്ന് വിട്ടിരിക്കുന്നതിനാല്‍ ജയിലെന്ന ഫീലിംഗില്ല. തൊഴില്‍ നിര്‍ബന്ധമില്ല. വേണമെങ്കില്‍ മാത്രം ജോലി ചെയ്യാം.

എന്‍ ഐ എ കേസുകളില്‍ പെട്ടവരെയും കുഴപ്പക്കാരെയും വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ഒക്കെയാണ് വിയ്യൂരിലെ അതി സുരക്ഷാ ജയിലേക്ക് മാറ്റുന്നത്. അല്ലാതെ സാദാ തടവുകാര്‍ക്ക് അവിടേക്ക് പ്രവേശനമില്ല. ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി, റിപ്പര്‍ ജയാനന്ദന്‍, ആട് ആന്റണി തുടങ്ങി 19 വധശിക്ഷക്കാരും കണ്ടക്ടര്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡിവൈ.എസ്.പി ഷാജിയുള്‍പ്പെടെ രണ്ട് ഡസനിലധികം ജീവപര്യന്തക്കാരും ഇപ്പോള്‍ വിയ്യൂരിലാണ്.