കൊച്ചി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്.
അദാനി ഗ്രൂപ്പും തുറമുഖ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കരാര്‍ എടുത്തിരിക്കുന്ന സ്ഥാപനത്തിനും അവരുടെ തൊഴിലാളികള്‍ക്കും ജോലി ചെയ്യുന്നതിനുള്ള സംരക്ഷണം പോലീസ് നല്‍കണം. മത്സ്യത്തൊഴിലാളികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. സുരക്ഷ ഒരുക്കുന്നില്‍ പോലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
തുറമുഖം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് മുതല്‍ തീരശോഷണത്തില്‍ ജീവിക്കുവാന്‍ കഴിയിന്നില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. പദ്ധതി നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ആവശ്യം. എന്നാല്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും. നിര്‍മ്മാണം നിര്‍ത്തിവെക്കുവാന്‍ കഴിയില്ലെന്നും അതേസമയം മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.