വിഴിഞ്ഞം സംഘര്‍ഷം; 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ സമാധാന ചര്‍ച്ച തുടരും

തിരുവനന്തപുരം. വിഴിഞ്ഞത്ത് സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ സമാധാന ചര്‍ച്ച തിങ്കളാഴ്ചയും തുടരും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടറുടെ ചേംബറിലാണ് ചര്‍ച്ച നടക്കുന്നത്. പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍ യോജിന്‍ എച്ച് പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ ചര്‍ച്ച നടത്തിയത്.

കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ട് കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സമാധാനം പുനസ്ഥാപിക്കലാണ് ലക്ഷ്യം. മന്ത്രിമാരെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. അതേസമയം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസ് എടുക്കുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. നിലവില്‍ ക്രമസമാധാനാനില പുനസ്ഥാപിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.

Loading...

ഹൈക്കോടതി ഉത്തരവ് മറികടന്ന സാഹചര്യത്തിലാണ് പോലീസ് കേസ് എടുത്തത്. പോലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയതായും എഡിജിപി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ എടുത്ത 5 പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞത്. നാല് ജീപ്പ്, രണ്ട് വാന്‍, 20 ബൈക്ക് സ്റ്റേഷനിലെ ഓഫീസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ എന്നിവ നശിപ്പിച്ചു. സംഭവത്തില്‍ 3 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 16 പോലീസ് ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.