വിഴിഞ്ഞം സമരം;സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതിയമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹാരിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും. സര്‍ക്കാരിനുവേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തില്‍ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചര്‍ച്ച നടത്തി. 24ന് വീണ്ടും ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ 5നും 23നും ചര്‍ച്ചകള്‍ നടന്നു. അനൗദ്യോഗിക ചര്‍ച്ചകള്‍ അല്ലാതെയും ഉണ്ടായി. 7 ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. 5 ആവശ്യങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.

Loading...

തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്നായിരുന്നു സമരസമിതിയുടെ മറ്റൊരാവശ്യം. സര്‍ക്കാര്‍ അത് അംഗീകരിച്ചു. ചര്‍ച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോള്‍ വീണ്ടും കടുപ്പത്തിലേക്കു പോകുന്ന സ്ഥിതിയുണ്ടായി. നല്ല രീതിയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോള്‍ ആരോ ചിലര്‍ സമരസമിതിയെ നിന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി.

വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്നില്‍ ഏതെങ്കിലും ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ല്‍ മന്ത്രിയായിരുന്ന കെ ബാബു നിയമസഭയില്‍ മറുപടി പറഞ്ഞത്. അന്നു മുതല്‍ തന്നെ സര്‍ക്കാരിന് ഈ സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് കെ ബാബു മറുപടി പറഞ്ഞു. താനും മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.