ചെന്നൈ: തമിഴ് നടിയും അവതാരകയുമായ വി.ജെ ചിത്രയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് അറിയിച്ചത് എന്നും പോലീസ്. ചെന്നൈ കില്‍പോക്ക് മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ചിത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് ഡോക്ടര്‍മാരുടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്.
ചിത്രയുടെ മരണത്തില്‍ പ്രതിശ്രുത വരന് ഹേമന്ദിനെതിരെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഹേമന്ദ് മകളെ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതാണെന്നും മകളുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ചിത്രയുടെ മാതാവ് വിജയ കാമരാജ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലില്‍ താമസിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്ബായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വര്‍ഷത്തേക്കാണ് ബന്ധുക്കള്‍ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കള്‍ അറിയാതെ ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു.
അതിനിടെ, ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിക്കുന്നതിനുമുമ്ബ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായാണ് വിവരം. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദിന്റെ മൊഴി.