തിരുവനന്തപുരം: ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച നടപടി ഉടനടി റദ്ദ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇതുസംബന്ധിച്ച എസ്ബിടിയുടെ നടപടി റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എസ്ബിടിയുടെ നീക്കം ദുരൂഹമാണെന്നും നടപടി പിന്‍വലിയ്ക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ബാങ്കില്‍ നിന്നും ലോണുകള്‍ എടുത്ത് വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച നടപടി പ്രവാസി ശബ്ദം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിൽ ഗുണ്ടാപിരിവിനു റിലയൻസ് എത്തി. ബാങ്കുകളുടെ കിട്ടാക്കടം റിലയൻസിനേ ഏല്പിച്ചു. 

reliance-bank

വിദ്യാഭ്യാസ വായ്പ, കാര്‍ഷിക, വീടുപണി വായ്പകള്‍, ബിസിനസ്, വ്യക്തിപര ലോണുകള്‍ എടുത്തവരെല്ലാം ഇനി അംബാനിയുടെ വലയിലാകും. ഓപ്പറേഷന്‍ കുബേര വഴി ബ്ലൈഡ് കമ്പനികളുടെ ഗൂണ്ടാപിരിവിനെതിരെ ശക്തമായ നിലപാടെടുത്ത കേരള സര്‍ക്കരിനും തലവേദനയായി മാറും കോര്‍പറേറ്റ് സ്ഥാപനമായ റിലയന്‍സിനെ ഏല്‍പ്പിച്ച നടപടി.

വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിച്ചെടുക്കല്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതിനെതിരെ സുധീരന്റെ ഫെയ്‌സ് ബൂക്ക് പോസ്റ്റ്

“വിദ്യാഭ്യാസവായ്പ ഉള്‍പ്പെടെയുള്ളവയുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നടപടി ഉടനടി റദ്ദ് ചെയ്യണം.
ബാങ്കിന്റെ മൊത്തം കിട്ടാക്കടത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായ 128.37 കോടിയുടെ വിദ്യാഭ്യാസവായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിന് പുറം കരാര്‍ നല്‍കികയത് 61.94 കോടി രൂപയ്ക്കാണെന്നാണ് അറിയുന്നത്.

ദേശസാല്‍കൃത ബാങ്കുകള്‍ക്ക് കിട്ടാക്കടം പിരിച്ചെടുക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കേ ഇത്തരത്തില്‍ സ്വകാര്യലോബിയെ ഏല്‍പിച്ച നടപടി ഏറെ ദുരൂഹമാണ്. കോര്‍പ്പറേറ്റുകളുടെ കോടികളുടെ കിട്ടാക്കടം നിഷ് പ്രയാസം എഴുതിത്തള്ളുന്ന ബാങ്കുകള്‍ സാധാരണക്കാരനോട് കാണിക്കുന്നത് ക്രൂരത തന്നെയാണ്.

സര്‍ക്കാരിന് ലക്ഷം കോടികളുടെ കിട്ടാക്കടം വരുത്തിയവരുടെ നിയന്ത്രണത്തിലുള്ള അസറ്റ് റിക്കവറി കമ്പനികളെത്തന്നെ പാവപ്പെട്ടവന്റെ കിട്ടാക്കടം പിരിക്കാന്‍ ഏല്‍പിച്ചത് നീതീകരിക്കാനാവില്ല. സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ സ്വകാര്യകുത്തകകളുടെ നീരാളിപ്പിടുത്തത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന നടപടിയില്‍ നിന്ന് ബാങ്ക് പിന്മാറിയേ മതിയാവൂ. എസ്.ബി.റ്റിയുടെ ഈ ജനദ്രോഹനീക്കം പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം”.