ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ വൻ ഗൂഢാലോചനയും അഴിമതിയും: പ്രധാനമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ

തിരുവനന്തപുരം: കെ.പി.യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന, പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി.എം സുധീരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ വലിയ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി.എം. സുധീരൻ കത്തിൽ പരാമർശിക്കുന്നു. തെളിവുകൾ വ്യക്തമായി പരാമർശിച്ചാണ് നിരത്തിയാണ്‌ അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് സമർപ്പിച്ചിരിക്കുന്നത്. വിദേശ കമ്പനികൾക്ക് 5.5 ലക്ഷം ഏക്കർ ഭൂമി ഇപ്പോഴും കേരളത്തിൽ ഉണ്ട്. നിലവിൽ കേസ് കോടതിയിൽ തോറ്റുകൊടുക്കുന്നതടക്കമുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുധീരൻ ആരോപിക്കുന്നു.

Loading...

കേരളത്തിലെ നിലവിലുള്ള സംവിധാനങ്ങളിൽ ഉള്ള എല്ലാ പ്രതീക്ഷയും നഷ്ടപെട്ടുവെന്നും കേന്ദ്ര ഏജൻസിയിലോ എൻ ഫോഴ്സ്മെന്റിലോ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു എന്നും പ്രധാനമന്ത്രിക്കയച്ച് കത്തിൽ പറയുന്നു. അതിനാൽ തന്നെ പ്രധാനമന്ത്രി ഇതിൽ ഇടപെടണമെന്നും അടിയന്തിരമായി കേരളത്തിലേക്ക് ശ്രദ്ധിക്കണം എന്നും വി.എം സുധീരൻ ആവശ്യപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും എല്ലാം ഈ വിഷയത്തിൽ നിലവിൽ ചെറുവള്ളി എസ്റ്റേറ്റ് കൈവശം വയ്ച്ചിരിക്കുന്നവർക്ക് അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കയ്യേറ്റക്കാർക്ക് സർക്കാർ ഭൂമിയുടെ അവകാശം നൽകാനുള്ള ശ്രമമാണ് ഇതിന് പിറകിലെന്നും മുൻപ് തന്നെ വി.എം സുധീരൻ പറഞ്ഞിരുന്നു.

സർക്കാർ ഭൂമി അനധികൃതമായി മറ്റുള്ളവർക്ക് കൊടുക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നിലപാടിനെ കോൺഗ്രസും യു.ഡി.എഫും തത്വത്തിൽ മൗനം പാലിച്ച് അംഗീകരിക്കുന്നു. 2600ഓളം ഏക്കർ വരുന്ന ഭൂമിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ആയിര കണക്കിനു കോടികൾ മധ്യ വർത്തികൾക്കും ഇടനിലക്കാർക്കും ലഭിക്കും. പലർക്കും കമ്മീഷനിലും പണത്തിലും തന്നെയാണ്‌ ഇപ്പോഴും രാജ്യ താല്പര്യത്തേക്കാൾ കണ്ണ്‌ ഉള്ളത്. ഈ അവസരത്തിലാണ്‌ കോൺഗ്രസിൽ നിന്നും രാജ്യ നന്മക്കും രാജ്യത്തിനു നഷ്ടപെട്ട ഭൂമി തിരികെ പിടിക്കാനും പ്രതീക്ഷയുടെ തിരിവെട്ടവുമായി വി.എം സുധീരൻ പരസ്യമായി രംഗത്ത് വന്നത്

വിവിധ കമ്മിഷൻ റിപ്പോർട്ടുകളിൽ ഭൂമി സർക്കാരിന്റേതാണെന്ന് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഭൂമി ഏറ്റെടുത്തു. ഇത് ഹൈക്കോടതി സിംഗിൾബെഞ്ച് അംഗീകരിച്ചു. പിന്നീട് കേസ് തോറ്റുകൊടുക്കാനുള്ള നടപടിയാണ് പിണറായിസർക്കാർ സ്വീകരിച്ചത്. ഈ കേസ് നടത്തിയ അഭിഭാഷകയെ മാറ്റി. ഭൂമി ഏറ്റെടുത്ത നടപടി ഡിവിഷൻബെഞ്ച് റദ്ദാക്കിയെങ്കിലും ഭൂമിയിൽ സർക്കാരിന്റെ അവകാശം നിഷേധിച്ചിരുന്നില്ല. ഇത്തരം ഭൂമിയിൽ കരമടയ്ക്കാൻ സർക്കാർ അനുമതി നൽകി. ഇതോടെ കമ്പനികൾക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന് സർക്കാർതന്നെ സമ്മതിക്കുന്ന സ്ഥിതിയായി. ഇപ്പോൾ സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നടപടിയനുസരിച്ചാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഉത്തരവിറക്കിയിട്ടുള്ളത്.

വി എം സുധീരൻ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ബഹുമാനപ്പെട്ട പ്രധാനമന്ത്രി

കേരളത്തിലെ ജനങ്ങളുടെ പ്രയോജനത്തിനായി പൊതു സമ്പത്തും വരുമാനവും സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള ഭരണപരമായ വീഴ്ചകൾ, ജനവിരുദ്ധ തീരുമാനങ്ങൾ, കുറ്റകരമായ ദുരാചാരങ്ങൾ എന്നിവയാൽ ഞാൻ വളരെയധികം കടുത്ത വേദനയിലാണ് ഈ കത്ത് എഴുതുന്നത്. പ്രത്യേകിച്ചും സമൂഹത്തിലെ താഴ്ന്ന, പിന്നോക്കാവസ്ഥയിലുള്ള ധാരാളം ആളുകൾ പങ്കുവയ്ക്കുന്ന കാര്യമാണ്‌ ബോധിപ്പിക്കുന്നത്. കേരളത്തിൽ പുതിയ സർക്കാർ ചുമതലയേറ്റ ശേഷം 2016 മെയ് മുതൽ കേരളത്തിന്റെ ഭൂ സ്വത്ത് കൈവശം വയ്ച്ച വിദേശ കമ്പിനികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നു. അനധികൃതമായി നിലവിലുള്ള ബ്രിട്ടീഷ് കമ്പനികളുടെ ഏജന്റുമാരായി പൊതു സമ്പത്ത് ചൂഷണം ചെയ്യുകയും ദേശീയ സമ്പത്ത് കവർന്നെടുക്കുകയും ചെയ്യുന്നു. വലിയ പ്ലാന്റേഷൻ കമ്പനികളെ രക്ഷിക്കാനും പാട്ട കാലാവധി കഴിഞ്ഞ രാജ്യത്തിന്റെ ഭൂമി തിരികെ ഏറ്റെടുക്കാനും മടിക്കുന്നു.

ഇതുവഴി നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിന്റെ പരമാധികാരത്തെ പോലും വെല്ലുവിളിക്കുകയാണ്‌. ഈ വഞ്ചനാപരമായ ഇടപാടുകളെല്ലാം തുടർച്ചയായ ആധികാരിക അന്വേഷണങ്ങളിലൂടെയും ക്രിമിനൽ അന്വേഷണങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി ഇവിടെ ഭരണം നടത്തുന്നവരും മറ്റും അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നു. മേൽപ്പറഞ്ഞവയിൽ ഉൾപ്പെട്ടിട്ടുള്ള 5.5 ലക്ഷം ഏക്കറിലധികം വിലപിടിപ്പുള്ള സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ നീക്കം നടത്തണം. ഇതുമായി ബന്ധപ്പെട്ട് അങ്ങയുടെ ദേശീയ ഓഫീസുകൾ അടിയന്തിരമായി പ്രവർത്തിക്കാനും ഉപയോഗപ്പെടുത്താനും ഞാൻ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിന് എൻഫോഴ്‌സ്‌മെന്റ് അല്ലെങ്കിൽ സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും എതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും നിയമപ്രകാരം അവരെ വിചാരണ ചെയ്യുകയും ആവശ്യമാണ്‌.പ്രാണമങ്ങളോടെ വി.എം സുധീരൻ